facebook

മാവോയിസ്റ്റുകളില്ല, എങ്കിലും അലവൻസ് ‘ലക്ഷങ്ങൾ’! എസ്ഒജി ഇന്റലിജൻസിലെ 43 പൊലീസുകാർക്ക് അധിക ശമ്പളമെന്ന് ആക്ഷേപം; അടിസ്ഥാന ശമ്പളത്തിന്റെ 50% പോക്കറ്റിലേക്ക്; എസ്‌പി ഓഫീസിലിരിക്കുന്നവർക്കും ‘മാവോയിസ്റ്റ് സ്പെഷ്യൽ

1 Min Read

കോഴിക്കോട് ∙ സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യവും ഭീഷണിയും കുറഞ്ഞ സാഹചര്യത്തിലും സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്ഒജി) ഇന്റലിജൻസ് വിഭാഗത്തിലെ 43 പൊലീസുകാർ ലക്ഷങ്ങൾ വിലവരുന്ന പ്രത്യേക അലവൻസ് കൈപ്പറ്റുന്നതായി ആക്ഷേപം. ഇന്റലിജൻസ് ശേഖരണത്തിന്റെ പേരിലാണ് ഈ ആനുകൂല്യം നൽകുന്നതെന്നാണ് വിവരം.

വയനാട്ടിൽ 12 പേരും കോഴിക്കോട് റൂറലിൽ ഒൻപത് പേരും പാലക്കാട് നാലുപേരും കണ്ണൂർ റൂറലിൽ എട്ട് പേരും മലപ്പുറത്ത് ആറ് പേരും കോഴിക്കോട് സിറ്റിയിൽ നാല് പേരുമാണ് എസ്ഒജി ഇന്റലിജൻസ് വിഭാഗത്തിലുള്ളത്.

അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് ഇവർക്ക് പ്രത്യേക അലവൻസായി ലഭിക്കുന്നത്. സർവീസ് കാലാവധിയും റാങ്കും അനുസരിച്ച് ചില ഉദ്യോഗസ്ഥർക്ക് പ്രതിമാസം 55,000 രൂപ വരെ അധികമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, നിലവിൽ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് കാര്യമായ ജോലിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ജോലി ചെയ്യുന്നവർക്കുപോലും മാവോയിസ്റ്റ് സ്പെഷൽ അലവൻസ് ലഭിക്കുന്നുണ്ടെന്നാണ് വിമർശനം.

മാവോയിസ്റ്റ് ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ ഇത്തരം പ്രത്യേക ആനുകൂല്യങ്ങളുടെ ആവശ്യകതയും അവയുടെ പുനഃപരിശോധനയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.

English Summary:
Allegations have surfaced that 43 police personnel attached to the Special Operations Group’s intelligence wing in Kerala continue to receive special allowances despite a decline in Maoist activity. Officers reportedly receive an additional 50 percent of their basic salary, with some drawing up to ₹55,000 extra per month. Critics claim that many of them currently have little operational work while continuing to enjoy the special benefits.


Share This Article