തിരുവനന്തപുരം: 2026 ലെ പെട്രോളിയം വിതരണ ചട്ടപ്രകാരം കാനുകളിൽ പെട്രോളും ഡീസലും നൽകുന്നതിനുള്ള നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര സർക്കാരിന് കത്തയച്ചു. പെസോ (PESO) അംഗീകൃത കണ്ടെയ്നറുകളുടെ ലഭ്യതക്കുറവ് മൂലം ജനങ്ങൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നത് വരെ ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം ആശുപത്രി ജനറേറ്ററുകൾ, മറ്റ് അടിയന്തര സംവിധാനങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനത്തിന് ആവശ്യത്തിന് ഇന്ധനം ലഭിക്കാത്ത അവസ്ഥയുണ്ട്. ഒരു വ്യക്തിഗത ഉപഭോക്താവിനും വാഹനത്തിനും പ്രതിദിനം വിതരണം ചെയ്യാവുന്ന പെട്രോളിന്റെ അളവ് പരമാവധി 200 ലിറ്ററായി പരിമിതപ്പെടുത്തിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഈ വിഷയത്തിന്റെ അടിയന്തര സ്വഭാവവും പൊതുപ്രാധാന്യവും കണക്കിലെടുത്ത്, പൊതുജനക്ഷേമവും അവശ്യ സേവനങ്ങളും മുൻനിർത്തി പ്രശ്നത്തിന് അനുകൂലമായ പരിഹാരം കാണണമെന്ന് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
English Summary
Kerala Food and Civil Supplies Minister Anoop Jacob has written to the Union Petroleum Ministry seeking a temporary relaxation on rules restricting the sale of petrol and diesel in cans under the Petroleum Supply Rules 2026. Highlighting the shortage of PESO-approved containers, the Minister noted that the restriction severely impacts essential services including hospital generators, emergency systems, and agricultural machinery. He urged the Central Government to consider the issue with high priority for public interest.
