വാഹനം ഈടുവെച്ച് എടുത്ത വായ്പ മുഴുവനായി അടച്ചുതീർത്തിട്ടും ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് നൽകാതിരുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കനത്ത പിഴ ചുമത്തി.
പരാതിക്കാരന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും കോടതിച്ചെലവിലേക്ക് അയ്യായിരം രൂപയും നൽകാനാണ് കൊച്ചി എം.ജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തോട് കമ്മീഷൻ ഉത്തരവിട്ടത്. ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസിക്കുന്ന ബിവിൻ ബാബു നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ ഈ നിർണായക വിധി.
കഴിഞ്ഞ 2024-ലാണ് ബിവിൻ ബാബു തന്റെ കാർ ഈട് നൽകി മുത്തൂറ്റ് ക്യാപിറ്റലിൽ നിന്നും 14,14,290 രൂപ വായ്പയായി കൈപ്പറ്റിയത്. പലിശ ഉൾപ്പെടെ 60 തുല്യ തവണകളായി തുക തിരിച്ചടയ്ക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ.
തുടർച്ചയായി രണ്ട് തവണകളിൽ കൂടുതൽ മുടക്കം വരുത്തിയാൽ കരാർ റദ്ദാകുമെന്നും ബാക്കി തുക മുഴുവൻ ഒറ്റത്തവണയായി അടയ്ക്കണമെന്നും സ്ഥാപനം വ്യവസ്ഥ വെച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ 2025 ജനുവരി മാസത്തിന് ശേഷം ബിവിൻ ബാബുവിന്റെ രണ്ട് തിരിച്ചടവുകൾ മുടങ്ങുകയുണ്ടായി. ഇതേത്തുടർന്ന് കരുനാഗപ്പള്ളിയിൽ വെച്ച് ഒരു സംഘം ആളുകൾ പരാതിക്കാരന്റെ കാർ തടയുകയും ചെയ്തു.
വാഹനം തടഞ്ഞതോടെ പ്രതിസന്ധിയിലായ ബിവിൻ ബാബു ഉടൻ തന്നെ പണം സംഘടിപ്പിക്കുകയും വായ്പയുടെ ബാക്കി തുക മുഴുവനായി അടച്ചുതീർത്ത് കാർ തിരികെ വാങ്ങുകയും ചെയ്തു. എന്നാൽ വായ്പ പൂർണ്ണമായി ക്ലോസ് ചെയ്തിട്ടും ഹൈപ്പോതിക്കേഷൻ റദ്ദാക്കാൻ ആവശ്യമായ നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് നൽകാൻ ധനകാര്യ സ്ഥാപനം തയ്യാറായില്ല.
പല തവണ ഓഫീസുകൾ കയറിയിറങ്ങി ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകാതിരുന്നതിനെ തുടർന്നാണ് ബിവിൻ ബാബു നിയമപോരാട്ടത്തിനായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് വിശദമായി പരിശോധിച്ച കമ്മീഷൻ, പരാതിക്കാരൻ അടച്ച തുകയേക്കാൾ കൂടുതൽ തുക ഇനി സ്ഥാപനത്തിന് ലഭിക്കാനുണ്ടെന്ന് തെളിയിക്കാൻ എതിർകക്ഷിക്ക് സാധിച്ചില്ലെന്ന് വിലയിരുത്തി.
വായ്പ തുക പൂർണ്ണമായി വാങ്ങിയിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ വാഹനത്തിന്റെ മേലുള്ള ഹൈപ്പോതിക്കേഷൻ ഒഴിവാക്കാൻ സാധിക്കാത്തത് ധനകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സേവന ന്യൂനതയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കമ്മീഷനാണ് ഉപഭോക്താവിന് അനുകൂലമായ ഈ വിധി പ്രസ്താവിച്ചത്.
English Summary
The Kottayam District Consumer Disputes Redressal Commission ordered Muthoot Capital Services to pay ₹5 lakh in compensation and ₹5,000 in court costs to a borrower. The company failed to issue a Non-Loan Closure Certificate even after the car loan was fully settled by the complainant, Bivin Babu.
