facebook

ബോസ് ആൻഡ് കോ തർക്കം: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി, നിവിൻ പോളിയുടെ പരാതിയിൽ സിവിൽ കേസുമായി കോടതിക്ക് മുന്നോട്ട് പോകാം

2 Min Read

മലയാള സിനിമാ ലോകത്തെ പ്രമുഖ നിർമാണ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ നടൻ നിവിൻ പോളിക്ക് കോടതിയിൽ നിന്നും അനുകൂല വിധി. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങൾ കോടതിക്ക് പുറത്ത് മധ്യസ്ഥ ചർച്ചകളിലൂടെ അഥവാ ആർബിട്രേഷൻ വഴി തീർപ്പാക്കണമെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയും മാജിക് ഫ്രെയിംസിന്റെയും ആവശ്യം എറണാകുളം അഡീഷണൽ മുൻസിഫ് കോടതി നിരാകരിച്ചു.

തർക്കത്തിൽ നിവിൻ പോളിയും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സും സമർപ്പിച്ച സിവിൽ സ്യൂട്ടിലെ നിയമനടപടികളുമായി കോടതിക്ക് ഇനി നേരിട്ട് മുന്നോട്ട് പോകാമെന്ന് അഡീഷണൽ മുൻസിഫ് നന്ദകൃഷ്ണൻ എം. ഉത്തരവിട്ടു.

ഈ നിയമപോരാട്ടത്തിന്റെ തുടക്കം രണ്ട് വർഷം മുൻപ് ഒപ്പുവെച്ച ഒരു നിർമാണ കരാറിൽ നിന്നാണ്. രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിന്റെ നിർമാണത്തിനായി പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും തമ്മിൽ ലാഭവിഹിതം പങ്കുവെക്കാമെന്ന വ്യവസ്ഥയിലാണ് ധാരണയുണ്ടാക്കിയത്.

എന്നാൽ ചിത്രത്തിന്റെ തിയേറ്റർ വിതരണ ചുമതലയുണ്ടായിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ യഥാർത്ഥ വരുമാന വിവരങ്ങളും ചെലവുകളും തങ്ങളിൽ നിന്ന് ഒളിപ്പിച്ചു വെച്ചുവെന്നാണ് നിവിൻ പോളിയുടെ പ്രധാന ആക്ഷേപം. തങ്ങൾക്ക് അർഹതപ്പെട്ട ലാഭം നൽകാതിരിക്കുകയും കൃത്യമായ കണക്കുകൾ ബോധ്യപ്പെടുത്താതെ വലിയൊരു തുകയുടെ ബാധ്യത തങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായും നിവിൻ ആരോപിക്കുന്നു.

തർക്കങ്ങൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. വാങ്ങിയ വായ്പയിൽ ഭൂരിഭാഗവും തിരിച്ചടച്ചിട്ടും സെക്യൂരിറ്റിയായി നൽകിയിരുന്ന ചെക്കുകൾ ലിസ്റ്റിൻ സ്റ്റീഫൻ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായും നിവിൻ പോളി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ ലാഭവിഹിതം നൽകാതെ പറ്റിച്ചുവെന്നും പൊതുവേദിയിൽ വെച്ച് ലിസ്റ്റിൻ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങൾ നേരിടുന്നതിനിടയിലാണ്, തങ്ങൾ തമ്മിലുള്ള ഉപകരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കേസ് സിവിൽ കോടതിയുടെ പരിധിയിൽ വരില്ലെന്ന് ലിസ്റ്റിൻ വാദിച്ചത്. കേസ് ആർബിട്രേഷന് വിടണമെന്ന് കാണിച്ച് ലിസ്റ്റിൻ നൽകിയ ഹർജിയാണ് ഇപ്പോൾ കോടതി തള്ളിക്കളഞ്ഞത്.

കരാർ വ്യവസ്ഥകളിലെ സാങ്കേതികമായ ചില വാക്കുകളുടെ ഉപയോഗമാണ് ഈ കേസിൽ ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടിയായത്. ആർബിട്രേഷൻ ആക്ട് പ്രകാരം ഹർജി നൽകുമ്പോൾ സമർപ്പിക്കേണ്ട അസ്സൽ കരാറിന് പകരം ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ലിസ്റ്റിൻ കോടതിയിൽ ഹാജരാക്കിയത്.

കൂടാതെ കരാറിൽ തർക്കങ്ങൾ ചർച്ച ചെയ്യാൻ ‘വേണം’ എന്ന വാക്കും ആർബിട്രേഷന് വിടുന്നതിനെക്കുറിച്ച് ‘ആവാം’ എന്ന വാക്കുമാണ് ഉപയോഗിച്ചിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ മുൻകാല വിധികൾ മുൻനിർത്തി, ഇത് ഇരുപക്ഷത്തിന്റെയും പുതിയ സമ്മതം ആവശ്യമായ ഒരു സാധ്യത മാത്രമാണെന്നും അല്ലാതെ നിർബന്ധിത വ്യവസ്ഥയല്ലെന്നും വ്യക്തമാക്കി കോടതി ലിസ്റ്റിന്റെ ഹർജി തള്ളുകയായിരുന്നു.

English Summary

The Ernakulam Additional Munsiff Court rejected producer Listin Stephen’s petition to move his financial dispute with actor Nivin Pauly over the movie ‘Ramachandra Boss and Co’ to arbitration. The court ruled that the civil suit filed by Nivin Pauly alleging revenue concealment can proceed in the civil court.

Share This Article