കഞ്ചിക്കോട്: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ വൻകിട സ്വകാര്യ കമ്പനികൾ രംഗത്ത്. കെ.എസ്.ഇ.ബിയുടെ ഒത്താശയോടെ പദ്ധതിയുടെ നടത്തിപ്പവകാശം സ്വന്തമാക്കാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ സർക്കാരിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് വിവരം. അടുത്ത 25 വർഷത്തേക്ക് കാറ്റാടിപ്പാടം സ്വകാര്യവത്കരിക്കാനുള്ള രൂപരേഖ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. യന്ത്രങ്ങൾ സ്ഥാപിക്കാൻ അനുകൂലമായ ഭൂപ്രകൃതിയും മികച്ച ഗതാഗത സൗകര്യവുമുണ്ടായിട്ടും, വലിയ മുടക്കുമുതൽ ആവശ്യമാണെന്ന കാരണം പറഞ്ഞാണ് കെ.എസ്.ഇ.ബി പദ്ധതി കൈയൊഴിയുന്നത്.
നിലവിലുള്ള യന്ത്രങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ 52 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ആണ്. എന്നാൽ, ചില മുൻനിര കമ്പനികൾക്ക് അനുകൂലമായ നിബന്ധനകൾ ഉൾപ്പെടുത്തിയാണ് താൽപ്പര്യപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പകൽ മാത്രം വൈദ്യുതി നൽകുന്ന സോളാർ പദ്ധതികളെ അപേക്ഷിച്ച്, 24 മണിക്കൂറും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന കഞ്ചിക്കോട് പദ്ധതിയിൽ വലിയ ലാഭസാധ്യതയാണ് സ്വകാര്യ കമ്പനികൾ കാണുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി തന്നെ തിരികെ വാങ്ങാനാണ് കരാർ.
English Summary
Major private companies are eyeing to take over the Kanjikode Wind Farm, a dream project of the state, amidst allegations of KSEB favoring top business groups. KSEB has invited quotations by August 10 to lease out the project for the next 25 years, citing a high investment cost of ₹52 crores to replace the outdated machinery. Critics allege that the expressions of interest are tailored to benefit specific corporate giants. Private firms see high profitability as the wind farm can generate electricity 24/7, unlike solar power.
