തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. മുൻ എൽഡിഎഫ് സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയാണ് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയെന്ന ചരിത്ര നിയോഗവും ഇതോടെ വി ഡി സതീശന് കൈവരും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് കാണിച്ച് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ബജറ്റ് വരുന്നത് എന്നതിനാൽ വലിയ സാമ്പത്തിക അച്ചടക്ക നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്.
കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട റവന്യു കമ്മി ഗ്രാന്റ് ഉൾപ്പെടെ കുറയാൻ സാധ്യതയുള്ളതിനാൽ, സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള കർശന നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകും. അതേസമയം, മിഷൻ സമുദ്ര പോലുള്ള വമ്പൻ വികസന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർദ്ധന, ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ കൂട്ടൽ, യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗാരന്റികൾ നടപ്പാക്കൽ, ഭൂനിയമങ്ങളിലെ പൊളിച്ചെഴുത്ത് എന്നിവയും ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്. വിവാദമായ കിഫ്ബിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിലും ഭരണപരമായ മാറ്റങ്ങളിലും ബജറ്റിൽ നിർണ്ണായക പ്രഖ്യാപനമുണ്ടാകും.
English Summary
Chief Minister and Finance Minister V D Satheesan will present the new UDF government’s first revised budget today at 9 AM. Following the recently released financial white paper highlighting Kerala’s fiscal strain, the budget is expected to focus on revenue-mobilization measures and economic discipline. Key expectations include developmental projects like ‘Mission Samudra’, DA hikes for government employees, welfare pension increases, land law reforms, and restructuring of KIIFB.
