നേമത്ത് മഴക്കെടുതി; കൈത്താങ്ങായി രാജീവ് ചന്ദ്രശേഖരൻ;  ദുരിതബാധിതർക്ക് താൽക്കാലിക താമസസൗകര്യം; ദീർഘകാല പട്ടയ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമെന്ന് ഉറപ്പ്!

1 Min Read

തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം നേരിട്ട കുടുംബങ്ങൾക്ക് സഹായഹസ്തവുമായി നേമം എം.എൽ.എ രാജീവ് ചന്ദ്രശേഖരൻ. കാലടി, തളിയൽ, പനങ്ങോട് കടവ് പ്രദേശങ്ങളിലെ ദുരിതബാധിത കുടുംബങ്ങളെ സന്ദർശിച്ച അദ്ദേഹം വീടുകളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും നിരവധി വീടുകളുടെ മേൽക്കൂരകളും ചുമരുകളും തകർന്നിരുന്നു. ഇതോടെ ദുരിതത്തിലായ കുടുംബങ്ങൾക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയ ശേഷമാണ് പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് എം.എൽ.എ അറിയിച്ചു.

പ്രദേശത്തെ കുടുംബങ്ങൾ നേരിടുന്ന ഭൂമി പട്ടയവുമായി ബന്ധപ്പെട്ട ദീർഘകാല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. ദുരിതബാധിതരുടെ ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കാലടി വാർഡ് കൗൺസിലറുമായ മഞ്ജു ജി.എസ്, ആറ്റുകാൽ വാർഡ് കൗൺസിലർ ശ്രുതി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കൊളിയൂർ രാജേഷ് എന്നിവരടങ്ങിയ സംഘവും എം.എൽ.എയ്‌ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ട കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് ജനപ്രതിനിധികൾ അറിയിച്ചു.

English Summary:
Neyyattinkara MLA Rajeev Chandrasekhar visited families affected by heavy rain and strong winds in Nemom constituency and initiated house reconstruction efforts. Temporary accommodation has been arranged for the affected families, and the MLA also assured support in resolving long-pending land title issues.



Share This Article