നെടുമ്പാശ്ശേരി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയ എയർ അറേബ്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിന്റെ എൻജിൻ റിവേഴ്‌സ് ത്രസ്റ്റ് സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് തിരിച്ചുവിടലിന് കാരണമായത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സുരക്ഷാ നടപടികളുടെ ഭാഗമായി പുലർച്ചെ 3.19ന് പ്രാദേശിക സ്റ്റാൻഡ്ബൈ പ്രഖ്യാപിച്ച വിമാനത്താവള അധികൃതർ, 3.34ന് പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ അടിയന്തര പ്രതികരണ സംവിധാനങ്ങളും സജ്ജമാക്കി.
എയർ അറേബ്യയുടെ ജി9 454 (G9 454) വിമാനമാണ് പുലർച്ചെ 3.38ന് സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് നിശ്ചിത പാർക്കിങ് ബേയിലേക്ക് വിമാനം മാറ്റി. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം 3.45ന് പൂർണ അടിയന്തരാവസ്ഥ പിൻവലിച്ചു.
വിമാനത്തിൽ 170 യാത്രക്കാരും ഒമ്പത് ശിശുക്കളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മറ്റ് സർവീസുകളെയോ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
English Summary:
An Air Arabia flight (G9 454) from Sharjah to Kozhikode was diverted to Cochin International Airport early today due to a technical issue involving the aircraft’s engine reverse thrust system. A full emergency was declared as a precaution, and the aircraft landed safely at 3.38 am. All 170 passengers, nine infants, and crew members are safe, and airport operations remained unaffected.
