2014-ന് മുൻപ് വിരമിച്ചവരുടെ ഉയർന്ന പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നടപടി നിരവധി മുതിർന്ന പൗരന്മാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോടതിവിധികളുടെ അടിസ്ഥാനത്തിൽ വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പെൻഷൻ തുക ഇപ്പോൾ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.എഫ് ഓഫീസിൽ നിന്ന് നോട്ടീസുകൾ ലഭിക്കുന്നത്.
ജോയിന്റ് ഓപ്ഷൻ നൽകിയില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. തിരുവനന്തപുരത്തെ ഒരു മുതിർന്ന പത്രപ്രവർത്തകന് ഏകദേശം മൂന്നു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
2022 നവംബറിലെ സുപ്രീംകോടതി ഉത്തരവിലെ മാനദണ്ഡങ്ങൾ പ്രകാരം 2014-ന് മുൻപ് വിരമിച്ചവർക്ക് ഉയർന്ന പെൻഷന് അർഹതയില്ലെന്ന് പി.എഫ് അധികൃതർ വ്യക്തമാക്കുന്നു.
തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ജോയിന്റ് ഓപ്ഷൻ നൽകുന്നതിൽ കാലതാമസം വരുത്തിയതെന്ന് പെൻഷൻകാർ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല ഇതെന്നും, അതിനാൽ മുൻകാല പ്രാബല്യത്തോടെയുള്ള തുക തിരിച്ചടയ്ക്കണമെന്ന തീരുമാനം നീതിരഹിതമാണെന്നും ഇവർ വാദിക്കുന്നു.
പലരും ജീവിതത്തിന്റെ സായാഹ്നത്തിൽ മരുന്നിനും മറ്റുമായി പെൻഷൻ തുകയെ ആശ്രയിക്കുന്നവരാണ്. പെട്ടെന്നുള്ള ഈ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണെന്ന് അവർ വേദനയോടെ പറയുന്നു.
സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികളുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ് ഈ നോട്ടീസുകളെന്നും പെൻഷൻകാർ ആരോപിക്കുന്നു.
പ്രൊവിഡന്റ് ഫണ്ട്, ഉയർന്ന പെൻഷൻ, പെൻഷൻകാർ, തൊഴിൽ വകുപ്പ്, സുപ്രീംകോടതി വിധി, കേരളം
English Summary
The Provident Fund Organization has begun clawing back high pensions from employees who retired before 2014, citing a lack of joint options, causing significant financial distress to retirees.
