ലോകകപ്പ് മത്സരങ്ങൾ വരുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ആവേശമേകുന്ന ഒന്നാണ് മൃഗങ്ങളുടെ പ്രവചനങ്ങൾ. 2010-ലെ ലോകകപ്പിൽ കൃത്യമായ പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒക്ടോപസ് പോളാണ് ഇത്തരത്തിലുള്ള പ്രവചനങ്ങളുടെ ട്രെൻഡ് സെറ്റർ.
പോളിന്റെ പാത പിന്തുടർന്ന് പിന്നീട് പല ലോകകപ്പുകളിലും എലിയും ആമയും ഒട്ടകവും തത്തയും പ്രാവുമൊക്കെ പ്രവചനങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഇത്തവണ ഈ മേഖലയിൽ തരംഗമായി മാറിയിരിക്കുന്നത് നിമ്പസ് പ്രോണോസ് എന്ന പൂച്ചയാണ്. ആഫ്രിക്കൻ നേഷൻസ് കപ്പ്, ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ നടത്തിയ കൃത്യമായ പ്രവചനങ്ങളിലൂടെ ഇൻസ്റ്റാഗ്രാമിൽ അഞ്ചര ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് നിമ്പസ് സ്വന്തമാക്കിയത്.
ടീമുകളുടെ പതാകകൾക്ക് മുന്നിൽ വെക്കുന്ന ഭക്ഷണത്തിൽ നിന്ന് നിമ്പസ് ഏതാണോ തിരഞ്ഞെടുക്കുന്നത്, അതാണ് മത്സരത്തിലെ വിജയിയാകുക.
സമനിലയ്ക്കായി മറ്റൊരു ഭക്ഷണപാത്രം കൂടി നിമ്പസിനായി ഒരുക്കാറുണ്ട്. നിമ്പസിനെ കൂടാതെ മെക്സിക്കോയിലെ ഗുവഡാലാജാര മൃഗശാലയിലെ മൃഗങ്ങളും ഇത്തവണ പ്രവചന മത്സരത്തിൽ പങ്കുചേരുന്നുണ്ട്.
മൃഗങ്ങളുടെ പ്രവചനങ്ങൾക്കൊപ്പം തന്നെ ശാസ്ത്രീയമായ വിശകലനങ്ങളും ഈ രംഗത്ത് സജീവമാണ്. ടീമുകളുടെ നിലവിലെ ഫോം, കളിക്കാരുടെ പരിക്ക്, മുൻകാല ചരിത്രം എന്നിവ വിശകലനം ചെയ്തുകൊണ്ട് ആധുനിക എഐ ടൂളുകളും പ്രവചനങ്ങളുമായി രംഗത്തുണ്ട്.
ഇതിനെല്ലാം പുറമേ, കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെയും ചാമ്പ്യന്മാരെ കൃത്യമായി പ്രവചിച്ച ജർമ്മൻ ഗണിതശാസ്ത്രജ്ഞൻ യോക്കിം ക്ലമന്റിന്റെ വാക്കുകളും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. നെതർലൻഡ്സ് ഈ വർഷത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നാണ് ക്ലമന്റ് പ്രവചിക്കുന്നത്.
English Summary
From the iconic Paul the Octopus to the viral sensation Nimbus the cat, animal predictions have become a fun tradition in World Cup football, alongside advanced AI-driven analytical forecasts.
