കൊച്ചി: പാലക്കാട് ജില്ലയിലെ വിവിധ അതിർത്തി മേഖലകളിൽ കഴിഞ്ഞ 13 വർഷത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച 23 കുട്ടികളുടെ കേസുകളിൽ സി.ബി.ഐ അന്വേഷണ സാധ്യത പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. 2010ൽ കൊല്ലങ്കോട്ടെ 11 വയസ്സുകാരിയുടെ മരണക്കേസ് സി.ബി.ഐക്ക് വിട്ടതിന് പിന്നാലെയാണ് മറ്റ് കേസുകളിലും അന്വേഷണ സന്നദ്ധതാ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 6നകം മറുപടി നൽകാനാണ് നിർദേശം.
വാളയാർ നീതി സമരസമിതി സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
വാളയാർ, കസബ, കൊല്ലങ്കോട്, പട്ടാമ്പി, ശ്രീകൃഷ്ണപുരം, കോങ്ങാട്, ഒറ്റപ്പാലം, ഷോളയൂർ, അഗളി, ചിറ്റൂർ, കല്ലടിക്കോട്, ഹേമാംബിക നഗർ, കോട്ടായി പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് കുട്ടികളുടെ ദുരൂഹമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരിച്ചവരിൽ ഏറെയും പെൺകുട്ടികളാണെന്നും ചിലർ ലൈംഗികാതിക്രമത്തിനിരയായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കൊല്ലങ്കോട്ടെ 11 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ ഗുരുതര വീഴ്ചകളും പൊരുത്തക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ കോടതി തീരുമാനിച്ചത്. പത്ത് വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ കേസ് ‘അൺഡിറ്റക്ടഡ്’ ആയി അവസാനിപ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം.
2010 ജനുവരി 18ന് അമ്മവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് 11 വയസ്സുകാരിയെ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തിന് തൊട്ടുമുമ്പ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തിൽ മുറിവുകളും ബീജസാന്നിധ്യവും കണ്ടെത്തിയെങ്കിലും പ്രതികളെ തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ല.
കേസിലെ 370 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തതും നിരവധി പേരെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയരാക്കിയതുമുണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താനായില്ല. സംഭവത്തിന് ആറുമാസത്തിന് ശേഷം കുട്ടിയുടെ അമ്മയും പിന്നീട് അച്ഛനും ആത്മഹത്യ ചെയ്തിരുന്നു.
അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദേശങ്ങൾ നൽകി. കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമായി ശിശുസംരക്ഷണ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, ആദിവാസി മേഖലകളിലും പിന്നാക്ക പ്രദേശങ്ങളിലും ലഹരിവിരുദ്ധ-സൈബർ സുരക്ഷാ ക്യാമ്പയിനുകൾ സംഘടിപ്പിക്കുക, വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ശക്തമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
കൂടാതെ, ചൂഷണത്തിനിരയായ കുട്ടികളെ കണ്ടെത്തി നിയമസഹായവും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും പ്രാദേശിക തലത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
English Summary:
The Kerala High Court has sought a willingness report from the CBI regarding the investigation of 23 suspicious child deaths reported in Palakkad district over the past 13 years. After transferring a 2010 case involving the death of an 11-year-old girl in Kollengode to the CBI, the court is considering similar action in other unresolved cases. The court also issued several directions to strengthen child protection mechanisms across the state.
