facebook

എംജി സർവകലാശാല ഓൺലൈൻ കോഴ്സുകൾ; വൻ ഫീസ് ഇളവോടെ പ്രവേശനം

2 Min Read

എംജി സർവകലാശാല ഓൺലൈൻ കോഴ്സുകൾ വഴി വീട്ടിലിരുന്ന് തന്നെ യുജിസി അംഗീകൃത ബിരുദവും ബിരുദാനന്തര ബിരുദവും നേടാനുള്ള അവസരമാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. 2026 ജൂലൈ ബാച്ചിലേക്കുള്ള പ്രവേശനം പുരോഗമിക്കുമ്പോൾ വൻ ഫീസ് ഇളവുകളും ഓൺലൈൻ പഠന-പരീക്ഷാ സംവിധാനവും ഈ പ്രോഗ്രാമുകളുടെ പ്രധാന സവിശേഷതകളാണ്.

പ്രായപരിധിയോ പ്രവേശന പരീക്ഷയോ ഇല്ലാതെ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സുകൾ പ്രയോജനപ്പെടുത്താം. യുജിസി അംഗീകൃതമായതിനാൽ ഇവ റഗുലർ ഡിഗ്രിക്ക് തുല്യമായ അംഗീകാരവും ലഭിക്കുന്നു.

വൻ ഫീസ് ഇളവുകളും വിവിധ കോഴ്സുകളും

എംജി സർവകലാശാല ഓൺലൈൻ കോഴ്സുകൾക്ക് എംജി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർഥികൾക്ക് 40 ശതമാനവും മറ്റ് സർവകലാശാലകളിലെ വിദ്യാർഥികൾക്ക് 20 ശതമാനവും ഫീസ് ഇളവ് ലഭിക്കും.

കൂടാതെ, വനിതകൾക്കും ഭിന്നലിംഗക്കാർക്കും സാമ്പത്തികമായി പിന്നാക്ക വിഭാഗക്കാർക്കും (EWS) 10 ശതമാനം ഫീസ് ഇളവുണ്ട്. പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് 20 ശതമാനം ഫീസ് ഇളവും പിജി പ്രവേശന യോഗ്യതയിൽ ഇളവുകളും നൽകുന്നുണ്ട്.

നിലവിൽ എംബിഎ, എംകോം, എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്സ്, ബി.കോം (ഓണേഴ്‌സ്), ബി.ബി.എ (ഓണേഴ്‌സ്), ബി.എ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്‌സ്) എന്നീ കോഴ്സുകളാണ് ഓൺലൈൻ വഴി ലഭ്യമാക്കുന്നത്.

വർഷത്തിൽ രണ്ട് പ്രവേശന സെഷനുകൾ

ജനുവരി, ജൂലൈ എന്നിങ്ങനെ വർഷത്തിൽ രണ്ട് സെഷനുകളിലായാണ് പ്രവേശനം നടക്കുന്നത്. ഇപ്പോൾ 2026 ജൂലൈ ബാച്ചിലേക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

ജോലിയോടൊപ്പം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ കാരണങ്ങളാൽ സ്ഥിരം കോളജ് പഠനം സാധ്യമാകാത്തവർക്കും ഈ പ്രോഗ്രാമുകൾ മികച്ച അവസരമാണ്. നാല് വർഷത്തെ ഓണേഴ്‌സ് കോഴ്സുകളിൽ ആവശ്യമായ ക്രെഡിറ്റുകൾ പൂർത്തിയാക്കി മൂന്ന് വർഷം കൊണ്ട് ബിരുദം നേടാനുള്ള സൗകര്യവും ലഭ്യമാണ്.

ഓൺലൈൻ പഠനവും പരീക്ഷയും

എംജി സർവകലാശാല ഓൺലൈൻ കോഴ്സുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ എല്ലാ നടപടികളും ഓൺലൈനായി പൂർത്തിയാക്കാം.

ലൈവ് ഇന്ററാക്ടീവ് ക്ലാസുകൾ, റെക്കോർഡ് ചെയ്ത വീഡിയോ ലക്ചറുകൾ, ഇ-ലേണിംഗ് പഠനസാമഗ്രികൾ എന്നിവയും വിദ്യാർഥികൾക്ക് ലഭിക്കും. വെബ് ക്യാമറയും കമ്പ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവും ഉപയോഗിച്ച് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഓൺലൈനായി പരീക്ഷ എഴുതാനാകും.

എംജി സർവകലാശാലയുടെ ശ്രദ്ധേയ നേട്ടങ്ങൾ

നാക്കിന്റെ A++ ഗ്രേഡ് റീ-അക്രഡിറ്റേഷൻ നേടിയ എംജി സർവകലാശാല ദേശീയ റാങ്കിങ്ങുകളിലും മുൻനിരയിലാണ്. 2025-ലെ വേൾഡ് യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ നാലാം സ്ഥാനം നേടിയ സർവകലാശാല, യുജിസി കാറ്റഗറി-1 സ്വയംഭരണ സർവകലാശാല എന്ന അംഗീകാരവും നേടിയിട്ടുണ്ട്.

കേരളത്തിൽ യുജിസി അംഗീകൃത സമ്പൂർണ ഓൺലൈൻ യുജി, പിജി പ്രോഗ്രാമുകൾ നടത്തുന്ന ഏക സംസ്ഥാന സർവകലാശാല എന്ന പ്രത്യേകതയും എംജി സർവകലാശാലയ്ക്കുണ്ട്.

Share This Article