പുലർച്ചെ കറവ കഴിഞ്ഞ് വരുമ്പോൾ ദേഹത്തേക്ക് പതിച്ചത് കൂറ്റൻ പാറ; ടോയ്‌ലറ്റിനും മൺതിട്ടയ്ക്കുമിടയിൽ ഒരു മണിക്കൂറോളം കുടുങ്ങി വീട്ടമ്മ; മതിൽ പൊളിച്ച് ജെസിബി എത്തിച്ച് ഫയർഫോഴ്‌സിന്റെ  രക്ഷാപ്രവർത്തനം

1 Min Read

ഉദിയൻകുളങ്ങര: കനത്തമഴയെ തുടർന്ന് അടർന്നുവീണ കൂറ്റൻ പാറയുടെ അടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. പാറശാല കൊടവിളാകം പുലക്കാവിളയ്ക്ക് സമീപം കുഴിവിള വീട്ടിൽ രാജകുമാരി (50)യാണ് അപകടത്തിൽപ്പെട്ടത്.

വീടിനോട് ചേർന്നുള്ള എട്ടടിയോളം ഉയരമുള്ള മൺതിട്ടയിൽ ഉറച്ചുനിന്നിരുന്ന വലിയ പാറയാണ് കഴിഞ്ഞ ദിവസം പുലർച്ചെ അടർന്നുവീണത്. കന്നുകാലികളെ കറന്നശേഷം വീടിനോട് ചേർന്നുള്ള ടോയ്‌ലെറ്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

പാറ വീഴുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും ടോയ്‌ലെറ്റ് തകർത്തുകൊണ്ട് പാറയും മണ്ണും രാജകുമാരിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കെത്തിയ ഭർത്താവ് മണിയൻ നാട്ടുകാരെ വിവരമറിയിച്ചതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിവരമറിഞ്ഞെത്തിയ പാറശാല ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ചാണ് പാറ നീക്കിയത്. രക്ഷാപ്രവർത്തനത്തിനായി ജെ.സി.ബി എത്തിക്കാൻ സമീപത്തെ മതിൽ പോലും പൊളിച്ചുമാറ്റേണ്ടിവന്നു.

തകർന്ന ടോയ്‌ലെറ്റിനും പാറയ്ക്കുമിടയിൽ കുടുങ്ങിക്കിടന്ന രാജകുമാരിയെ പുറത്തെടുക്കാൻ ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുത്തു. ഇടത് കാലിന് പൊട്ടലും അരയ്ക്ക് താഴെ പരിക്കുകളും ഏറ്റ രാജകുമാരിയെ ഉടൻ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാറ പൊട്ടിച്ചെടുത്ത കുഴിയിൽ മണ്ണ് നികത്തി നിർമ്മിച്ച വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. പിക്കപ്പ് വാൻ ഡ്രൈവറായ മണിയന്റെയും രാജകുമാരിയുടെയും മക്കൾ സുജിനയും മഹിമയുമാണ്.

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും ചരിവ് പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

English Summary:
A 50-year-old woman miraculously survived after a huge boulder, loosened by heavy rain, crashed onto her near her house in Parassala. Trapped between the fallen rock and a collapsed toilet structure, she was rescued after an hour-long operation by firefighters and local residents. She sustained a leg fracture and other injuries and is undergoing treatment.



Share This Article