തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി ഉണ്ടായ വിവാദത്തെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കപ്പെട്ട താൽക്കാലിക ഡ്രൈവർ യദുവിന് പുതിയ ജോലി ലഭിച്ചു. യുഡിഎഫ് സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് നിയമസഭയിലെ ജീവനക്കാരുടെ ബസ് ഓടിക്കുന്ന താൽക്കാലിക ഡ്രൈവറായാണ് യദുവിനെ നിയമിച്ചിരിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനത്തെ തുടർന്ന് യദു ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു.
അതേസമയം, ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കമല്ല യദുവിനെ കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്ന് അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. യദു താൽക്കാലിക ഡ്രൈവറായിരുന്നുവെന്നും, തൃശൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കിടെ ഇയർഫോൺ ഉപയോഗിച്ച് ആറു മണിക്കൂർ തുടർച്ചയായി ഫോണിൽ സംസാരിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കോൾ ഡീറ്റെയിൽസുകൾ സഹിതം കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2024 ഏപ്രിൽ 27നാണ് വിവാദമായ സംഭവം നടന്നത്. പാളയത്ത് രാത്രി, ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞതിനെ തുടർന്നാണ് യദുവും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കന്റോൺമെന്റ് പൊലീസ് യദുവിനെതിരെ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ യദുവും ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. ആദ്യം കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിലും, യദു കോടതിയെ സമീപിച്ചതിനെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുത്തു. എന്നാൽ പിന്നീട് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും ബന്ധുവായ സ്ത്രീയെയും ഒഴിവാക്കി, ആര്യയുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കി.
സീബ്രാ ലൈനിൽ വാഹനം നിർത്തി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന കുറ്റമാണ് അരവിന്ദിനെതിരെ ചുമത്തിയത്. യദു അശ്ലീല ആംഗ്യം കാട്ടിയതിനെ പ്രതിരോധിക്കുകയായിരുന്നു ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും ചെയ്തതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഒരു കുറ്റകൃത്യത്തിനെതിരായ പ്രതിരോധ നടപടിയെ കുറ്റമായി കാണാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
English Summary
Yadu, the temporary KSRTC driver who was removed from service following a controversy involving former Thiruvananthapuram Mayor Arya Rajendran, has secured a new job. He has been appointed as a temporary driver for the Kerala Legislative Assembly staff bus through the Employment Exchange and has already joined duty.
