കണ്ണൂർ: പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിന് മുന്നിൽ വർഷങ്ങളായി നിശ്ശബ്ദമായി കാവൽ നിൽക്കുന്ന കെഎൽ 01 ബിആർ 9569 പൊലീസ് ജീപ്പ് നാട്ടുകാർക്ക് ഇപ്പോൾ വെറുമൊരു വാഹനമല്ല. ഒരു മിനി പൊലീസ് സ്റ്റേഷൻ തന്നെയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച ഈ പ്രത്യേക സുരക്ഷാ ക്രമീകരണം, അദ്ദേഹം പ്രതിപക്ഷ നേതാവായ ശേഷവും തുടരുകയാണ്.
കണ്ണൂർ എആർ ക്യാംപിൽ നിന്നുള്ള രണ്ട് എസ്‌ഐമാരും ആറ് സിവിൽ പൊലീസ് ഓഫീസർമാരുമാണ് ഇവിടെ റസിഡൻസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഒരു എസ്‌ഐയും രണ്ട് പൊലീസുകാരും വീതം ഓരോ ഷിഫ്റ്റുകളിലായി കാവലുണ്ടാകും. എന്നാൽ, വർഷങ്ങളായി തുടരുന്ന ഈ ഡ്യൂട്ടിക്കിടയിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മതിയായ സൗകര്യങ്ങളില്ലെന്നതാണ് യാഥാർഥ്യം.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ വീടിന് സുരക്ഷയൊരുക്കാൻ ആദ്യം രണ്ട് സായുധ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചിരുന്നത്. പിന്നീട് വീടിന് സമീപത്തേക്ക് ആളുകൾ എത്തുകയും ചിത്രീകരണങ്ങളും മറ്റും വർധിക്കുകയും ചെയ്തതോടെ, സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് പൊലീസ് ജീപ്പ് സ്ഥിരമായി ഇവിടെ വിന്യസിച്ചത്.
ആദ്യമായി കൊണ്ടുവന്ന ജീപ്പിൽ പാമ്പ് കയറിയതിനെ തുടർന്ന് പിന്നീട് മറ്റൊരു വാഹനം എത്തിച്ചു. എന്നാൽ, അത് ഇവിടെ എത്തിച്ചതിന് ശേഷം ഒരിക്കൽ പോലും സ്റ്റാർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. റോഡരികിലെ മതിലിനോട് ചേർത്ത് നിർത്തിയിട്ടിരിക്കുന്ന ജീപ്പിന് സമീപം കസേരകളിട്ട് ഇരുന്നാണ് പൊലീസുകാർ ഡ്യൂട്ടി നിർവഹിക്കുന്നത്. കാലക്രമേണ ഈ വാഹനം ഒരു താത്കാലിക പൊലീസ് ഔട്ട്‌പോസ്റ്റിന്റെ രൂപം കൈവരിക്കുകയായിരുന്നു.
ഏറെക്കാലം ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി സമീപവാസികളുടെ വീടുകളെയാണ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ ആശ്രയിച്ചിരുന്നത്. പിണറായി പൊലീസ് സ്റ്റേഷൻ രണ്ട് കിലോമീറ്റർ അകലെയായതിനാൽ അടിയന്തര ആവശ്യങ്ങൾ പോലും പലപ്പോഴും ബുദ്ധിമുട്ടായിരുന്നു.
സേനാംഗങ്ങൾക്ക് വിശ്രമമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യം സിപിഎം അനുകൂല സംഘടനയായ കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിലും ഉയർന്നിരുന്നു. തുടർന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള ത്രിവേണി സ്റ്റോറിലെ ശുചിമുറി സൗകര്യം പൊലീസുകാർക്ക് ഉപയോഗിക്കാൻ അനുവദിച്ചു.
മുഖ്യമന്ത്രിയുടെ വീടിന് കാവലൊരുക്കിയിരുന്നെങ്കിലും അവിടെയുള്ള ഔട്ട് ഹൗസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ പൊലീസുകാർക്ക് അനുമതിയുണ്ടായിരുന്നില്ല. ഇതിനിടെ, വീട്ടിൽ നിന്ന് 800 മീറ്റർ അകലെ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിച്ചെങ്കിലും അത് ഇതുവരെ പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനം മാറി, രാഷ്ട്രീയ സാഹചര്യങ്ങൾ മാറി, പക്ഷേ പിണറായിയിലെ ‘ജീപ്പ് പൊലീസ് സ്റ്റേഷൻ’ ഇന്നും അതേപടി തുടരുകയാണ്. വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ദുരിതവും, ഒരു ജീപ്പിനെ ആശ്രയിച്ചുള്ള ഈ അസാധാരണ സുരക്ഷാ സംവിധാനവും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.
English Summary:
A police jeep stationed outside the residence of former Kerala Chief Minister Pinarayi Vijayan at Pandyalamukku in Kannur has been functioning as a makeshift police outpost for several years. The arrangement, introduced during his tenure as Chief Minister, continues even after he became the Leader of the Opposition. Two sub-inspectors and six civil police officers from the Kannur Armed Reserve camp are assigned to the residence duty, often working without adequate facilities. The issue recently came under discussion after the Kerala Police Association highlighted the lack of basic amenities for personnel deployed at the site.
