തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ജൂൺ 15ന് തുടക്കമാകും. രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന സർവീസിൽ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബസിൽ കുറച്ചുദൂരം യാത്ര ചെയ്യുകയും ചെയ്യും.
രാവിലെ 9 മണിക്ക് സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രായപരിധിയോ താമസസ്ഥലമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ഹാജരാക്കേണ്ടതില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ വാങ്ങണം. യാത്രക്കാരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നതിനും സുതാര്യമായ കണക്കെടുപ്പിനുമാണ് ഈ സംവിധാനം.
പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കും. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും തൊഴിൽ, വിദ്യാഭ്യാസ, സംരംഭക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനും പദ്ധതി സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
സ്വകാര്യ വാഹനങ്ങളിൽ നിന്ന് കൂടുതൽ പേർ പൊതുഗതാഗതത്തിലേക്ക് മാറുന്നതോടെ ഇന്ധന ഉപഭോഗവും ഗതാഗതക്കുരുക്കും കുറയുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനും ഗ്രാമവണ്ടി പദ്ധതി വ്യാപിപ്പിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള 58 ഗ്രാമവണ്ടി സർവീസുകൾ 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതവും പ്രയോജനപ്പെടുത്തും.
ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പ്രമോജ് ശങ്കർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary:
Kerala will launch the ‘Priyadarshini’ scheme on June 15, offering free travel for women and transgender persons on KSRTC ordinary buses. The scheme will initially cover 3,125 buses across the state. No registration or documents are required, but passengers must collect a zero-value ticket for record purposes. The government will bear the full financial burden of the initiative.
