പാലക്കാട് നിയോജകമണ്ഡലത്തിന്റെ വികസന രംഗത്ത് പുതിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് രമേഷ് പിഷാരടി എം.എൽ.എ.യുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. നൂറ്റൊന്ന് ദിവസത്തിനുള്ളിൽ നൂറ്റൊന്ന് വികസന പദ്ധതികൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന വൻ പ്രഖ്യാപനത്തോടെയാണ് മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നത്.
മുൻ ജനപ്രതിനിധികൾ തുടക്കമിട്ടതും സാങ്കേതിക കുരുക്കുകളിൽപ്പെട്ട് മുടങ്ങിക്കിടക്കുന്നതുമായ പദ്ധതികൾക്കൊപ്പം പുതിയ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് എം.എൽ.എ. ഈ കർമ്മപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കും നാടിന്റെ പുരോഗതിക്കുമായി നിലകൊള്ളുന്ന പൂർണ്ണ അർത്ഥത്തിലുള്ള ഒരു ജനകീയ കേന്ദ്രമായിരിക്കും ഈ ഓഫീസെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള ആദ്യ വിഹിതം പിരായിരി മെട്രോ നഗറിലെ കടുത്ത കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അനുവദിച്ചുകൊണ്ട് എം.എൽ.എ. മാതൃകയായി. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹം അടിയന്തരമായി നീക്കിവെച്ചിരിക്കുന്നത്.
വർഷങ്ങളായി ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്ന ഇവിടുത്തെ നിവാസികൾ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് വേളയിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. നേരിട്ടെത്തി വീട്ടമ്മമാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ജലക്ഷാമത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയത്.
പ്രദേശത്ത് ജലജീവൻ മിഷന്റെ പൈപ്പുകൾ ഉണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നില്ല. ഇതിനിടെ പിരായിരി പഞ്ചായത്ത് രണ്ട് ലക്ഷം രൂപ മുടക്കി നിർമ്മിച്ച കുഴൽക്കിണറിൽ വെള്ളം കണ്ടെത്തിയിരുന്നു. ഈ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോർ സ്ഥാപിക്കുന്നതിനും പൈപ്പ് ലൈൻ വ്യാപിപ്പിക്കുന്നതിനുമാണ് എം.എൽ.എ. ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ജലജീവൻ പദ്ധതിയും ഇതിനൊപ്പം സജീവമാകുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
എം.എൽ.എ. പ്രഖ്യാപിച്ച നൂറ്റൊന്ന് കർമ്മപദ്ധതികളിൽ കാർഷിക വികസനം മുതൽ ആരോഗ്യ മേഖല വരെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നെല്ലുസംഭരണം സുഗമമാക്കുന്നതിനുള്ള തുടർനടപടികൾ, നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാനുള്ള ടൗൺ സിറ്റി ബസ് സർവീസ്, പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
കൂടാതെ കണ്ണാടി, പിരായിരി പഞ്ചായത്തുകളിലെ ഓഡിറ്റോറിയം നിർമ്മാണം, കണ്ണനൂർ-ചുങ്കമന്ദം റോഡിന്റെ നവീകരണം, പ്രശസ്തമായ ഗവൺമെന്റ് മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഡിജിറ്റൈസേഷൻ പ്രക്രിയ എന്നിവയും ഈ പദ്ധതിയിലൂടെ പൂർത്തീകരിക്കും.
വിദ്യാഭ്യാസ, ജനസമ്പർക്ക മേഖലകൾക്കും ഈ കർമ്മപദ്ധതിയിൽ തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. മണ്ഡലത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനുള്ള പ്രത്യേക പുരസ്കാരങ്ങൾ ഏർപ്പെടുത്തും.
പാലക്കാട് നഗരസഭയിലും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിലും എം.എൽ.എ. നേരിട്ടെത്തുന്ന ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ മുൻകൂട്ടി സമർപ്പിക്കുന്നതിനായി എം.എൽ.എ. ഓഫീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ ജില്ലാ ആശുപത്രിയിലും ജില്ലാ വനിതാ ശിശു ആശുപത്രിയിലും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള നവീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കും.
പാലക്കാട്-ചിറ്റൂർ റോഡിൽ മണപ്പുള്ളിക്കാവ് ദുർഗാനഗർ സ്ട്രീറ്റ് ഒന്നിന്റെ തുടക്കത്തിലാണ് പുതിയ എം.എൽ.എ. ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മായിൽ, വൈസ് പ്രസിഡന്റ് സഫിയ അബുതാഹിർ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൂടാതെ പി.വി. രാജേഷ്, പി. ബാലഗോപാൽ, എം.എം. ഹമീദ്, സി. ബാലൻ, സി.വി. സതീഷ്, മുജീബ്, പ്രിയകുമാരൻ, സുധാകരൻ പ്ലാക്കാട്ട്, സെയ്തലവി പൂളക്കാട് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവിധ തദ്ദേശഭരണ പ്രതിനിധികളും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
English Summary
Ramesh Pisharody MLA inaugurated his new office in Palakkad, promising to complete 111 development projects within 111 days. Releasing his first fund allocation of ₹5 lakh to resolve the water crisis in Pirayiri Metro Nagar, the MLA outlined projects including hospital upgrades, road works, and regular public grievance meets.
