‘ഫണ്ട് വരുമ്പോൾ അടയ്ക്കാം’; ഷൊർണൂർ നഗരസഭ ജപ്തി നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം നേതൃത്വം

1 Min Read

പാലക്കാട്: നികുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് സി.പി.എം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ് നൽകി ഷൊർണൂർ നഗരസഭ. മൂന്ന് വർഷത്തിലേറെയായി കെട്ടിട നികുതി അടച്ചിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചത്.

കുളപ്പുള്ളി ലോക്കൽ കമ്മിറ്റി ഓഫീസിനും ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസിനുമെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. കുളപ്പുള്ളിയിലെ പാർട്ടി ഓഫീസിന് 75,000 രൂപയും ഷൊർണൂരിലെ ഓഫീസിന് 25,000 രൂപയും നികുതി കുടിശികയുണ്ടെന്നാണ് നഗരസഭയുടെ കണക്ക്.

രണ്ട് കെട്ടിടങ്ങൾക്കും റവന്യൂ റിക്കവറി നോട്ടീസ് നൽകിയതായി ഷൊർണൂർ നഗരസഭ സെക്രട്ടറി പി.എസ്. രാജേഷ് അറിയിച്ചു. നിയമാനുസൃത നടപടികളുടെ ഭാഗമായാണ് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മുഴുവൻ നികുതി കുടിശികയും അടച്ചുതീർക്കുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു. ഷൊർണൂർ പാർട്ടി ഓഫീസ് മുൻ മന്ത്രി ടി. ശിവദാസ മേനോന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വിവരമുണ്ട്.

നികുതി കുടിശിക തുടരുന്ന സാഹചര്യത്തിൽ തുടർനടപടികൾ നഗരസഭ നിയമാനുസൃതമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് അധികൃതരുടെ നിലപാട്.

English Summary:
Shoranur Municipality has issued revenue recovery and attachment notices to two CPM local committee offices for failing to pay property taxes for more than three years. The Kulappully office has arrears of ₹75,000, while the Shoranur office owes ₹25,000. CPM leaders said the dues will be cleared once party funds become available.



Share This Article