കുട്ടികളെ വേട്ടയാടുന്ന 25കാരി; സഹോദരങ്ങളെ പീഡിപ്പിച്ച കേസിലും പ്രതി; സ്നേഹ മെർലിനെതിരെ വീണ്ടും പോക്സോ; ഇത്തവണ ഇര പതിനാറുകാരി

1 Min Read

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് കേസ് എടുത്തത്.

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി സംഭവദിവസം വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഭയം കാരണം സംഭവം ആരോടും പറയാതിരുന്ന പെൺകുട്ടി പിന്നീട് കൗൺസിലിംഗിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അന്വേഷണത്തിൽ പ്രതിക്കെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസുകൾ ഉൾപ്പെടെ നാല് കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. ഒരു അടിപിടി കേസിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ മെർലിൻ അറസ്റ്റിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്ന് വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

നിലവിലെ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവരുടെ മൊഴികൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

English Summary:
A 25-year-old woman has been booked under the POCSO Act in Kasaragod for allegedly sexually assaulting a 16-year-old girl. The incident came to light during counselling sessions, after which police registered a case. The accused reportedly faces multiple similar cases, including a previous arrest in a child abuse case.



Share This Article