മുംബൈ: ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന 15ഓളം വ്യാജ ഇ-കാറ്ററിംഗ് വെബ്‌സൈറ്റുകൾക്കെതിരെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നടപടി സ്വീകരിച്ചു. വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഈ വെബ്‌സൈറ്റുകൾ നിരോധിച്ചത്.
ഐആർസിടിസിയുടെ പശ്ചിമ മേഖലയിൽ മാത്രം 300 മുതൽ 400 വരെ പരാതികളാണ് ഈ വെബ്‌സൈറ്റുകൾക്കെതിരെ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യാത്തത്, ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയത്, റീഫണ്ട് ലഭിക്കാത്തത്, ഉപഭോക്തൃ സേവനത്തിന്റെ അഭാവം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന പരാതികൾ.
railrestro.com, railmitra.com, comesum.com, travelkhana.com, trainscafe.com, railmeal.com എന്നിവ ഉൾപ്പെടെയുള്ള 15 വെബ്‌സൈറ്റുകൾക്കെതിരെയാണ് നടപടി. ഇവ ഐആർസിടിസിയുടെ ഔദ്യോഗിക ഇ-കാറ്ററിംഗ് പ്ലാറ്റ്‌ഫോമുകളാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും രജിസ്റ്റർ ചെയ്യാത്ത സ്വകാര്യ വെബ്‌സൈറ്റുകളാണെന്ന് ഐആർസിടിസി വ്യക്തമാക്കി.
ഈ വെബ്‌സൈറ്റുകൾ വഴി വിതരണം ചെയ്തിരുന്ന ഭക്ഷണം ഐആർസിടിസിയുടെ ക്ലൗഡ് കിച്ചണുകളിൽ നിന്നോ അംഗീകൃത പങ്കാളികളിൽ നിന്നോ ആയിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കൂടാതെ, ഇത്തരം വ്യാജ പ്ലാറ്റ്‌ഫോമുകൾ യാത്രക്കാരുടെ പി.എൻ.ആർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, പേയ്‌മെന്റ് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സൈബർ തട്ടിപ്പ്, ഡാറ്റ മോഷണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ അപകടസാധ്യതകൾക്കും വഴിവെക്കുമെന്ന് ഐആർസിടിസി ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ബെഹ്റൂസ് ബിരിയാണി, മക്‌ഡൊണാൾഡ്സ്, ബിക്കാനീർവാല, ഡൊമിനോസ്, കെ.എഫ്.സി, പിസ്സ ഹട്ട്, ഹാൽദിറാം തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ 6,200-ലധികം അംഗീകൃത വെണ്ടർമാരുമായാണ് ഐആർസിടിസി സഹകരിച്ച് പ്രവർത്തിക്കുന്നത്.
യാത്രക്കാർ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആർസിടിസിയുടെ ഔദ്യോഗിക ഇ-കാറ്ററിംഗ് വെബ്‌സൈറ്റ്, ‘ഫുഡ് ഓൺ ട്രാക്ക്’ മൊബൈൽ ആപ്പ്, 1323 ഹെൽപ്‌ലൈൻ എന്നിവ മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
English Summary:
IRCTC has banned around 15 fake e-catering websites following hundreds of complaints related to non-delivery of food, poor quality meals, refund issues, and lack of customer support. The railway catering body warned that such websites may also collect sensitive personal and payment information, posing cyber fraud risks. Passengers have been advised to use only IRCTC’s official platforms for food orders during train journeys.
