സൂറത്ത്: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്ക് വമ്പൻ സമ്മാനം നൽകി ഗുജറാത്തിലെ ടെക്സ്റ്റൈൽ വ്യാപാരി. സൂറത്തിൽ സ്ഥാപനം നടത്തുന്ന രാംസ്വരൂപ് മുണ്ടെ തന്റെ 20 ജീവനക്കാർക്കും ഒരാൾക്ക് ഒരു ലക്ഷത്തിലേറെ രൂപ വീതം പണമായി ബോണസ് നൽകി. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപാരിക്ക് അഭിനന്ദനപ്രവാഹമാണ്.
ഓരോ ജീവനക്കാരനും ഒരു ലക്ഷത്തിലേറെ രൂപ
ദീപാവലിക്ക് പല സ്ഥാപനങ്ങളും മധുരപലഹാരങ്ങളും നട്സും അടങ്ങിയ സമ്മാനപ്പൊതികളാണ് ജീവനക്കാർക്ക് നൽകാറുള്ളത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി വലിയ തുക പണമായി നൽകിയാണ് രാംസ്വരൂപ് മുണ്ടെ ശ്രദ്ധ നേടിയത്.
10 രൂപ മുതൽ 500 രൂപ വരെയുള്ള നോട്ടുകൾ വെള്ളിത്തളികയിൽ അടുക്കിവച്ചാണ് ജീവനക്കാർക്ക് കൈമാറിയത്. വ്യാപാരിയുടെ ഭാര്യയാണ് ജീവനക്കാർക്ക് പണം വിതരണം ചെയ്തത്.
സന്തോഷവും കണ്ണീരും നിറഞ്ഞ നിമിഷങ്ങൾ
പണം സ്വീകരിക്കുന്ന ജീവനക്കാരുടെ സന്തോഷവും വികാരനിർഭരമായ പ്രതികരണങ്ങളും വീഡിയോയിൽ കാണാം. സമ്മാനം ഏറ്റുവാങ്ങുന്നതിനിടെ ഒരു ജീവനക്കാരി പൊട്ടിക്കരയുന്നതും വ്യാപാരി അവരെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ജീവനക്കാരുടെ കഠിനാധ്വാനത്തിനും ആത്മാർഥതയ്ക്കുമുള്ള ആദരവായാണ് ഈ സമ്മാനം നൽകുന്നതെന്ന് രാംസ്വരൂപ് മുണ്ടെ വ്യക്തമാക്കി.
ജീവനക്കാർ കുടുംബാംഗങ്ങൾ: വ്യാപാരി
തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ വെറും തൊഴിലാളികളായല്ല, കുടുംബാംഗങ്ങളായാണ് കാണുന്നതെന്ന് രാംസ്വരൂപ് മുണ്ടെ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാൻ ജീവനക്കാർക്ക് കഴിയണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം
വീഡിയോ വൈറലായതോടെ നിരവധി പേരാണ് വ്യാപാരിയുടെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ജീവനക്കാർക്ക് പണം പൂജാത്തളികയിൽ വച്ച് കൈമാറിയത് വെറുമൊരു ബോണസല്ല, അവരോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ജീവനക്കാർക്ക് ചെറിയ സമ്മാനപ്പൊതികളിൽ ഒതുങ്ങുന്ന സ്ഥാപനങ്ങൾ ഈ മാതൃകയിൽ നിന്ന് പഠിക്കണമെന്ന പ്രതികരണങ്ങളും ഉയർന്നു.
“പണം ഒരാളെ സമ്പന്നനാക്കിയേക്കാം. എന്നാൽ ഇത്തരമൊരു ഹൃദയമാണ് ഒരാളെ യഥാർഥത്തിൽ സമ്പന്നനാക്കുന്നത്” എന്ന തരത്തിലുള്ള പ്രതികരണങ്ങളും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.
English Summary:
A textile businessman in Surat, Gujarat, Ram Swaroop Munde, reportedly gave each of his 20 employees more than ₹1 lakh as a Diwali bonus. A video showing his wife distributing cash to the employees has gone viral. Munde said he considers his employees family members and wanted them to celebrate Diwali without financial worries.
