മുംബൈ: ദീപാവലി ആഘോഷത്തിനിടെ മഹാരാഷ്ട്രയിലെ ധരാശിവ് ജില്ലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഒരേ കുടുംബത്തിലെ ആറുപേർ മരിച്ചു.
യെദ്ഷി ഗ്രാമത്തിൽ വീടും പലചരക്ക് കടയും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു ദുരന്തം. കത്തിച്ചുവച്ചിരുന്ന ചിരാതിൽനിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചത് ഒരേ കുടുംബത്തിലെ ആറുപേർ
ഉത്തം ത്രയംബക് കരന്ദേ, ചന്ദ്രകലാ ഉത്തം കരന്ദേ, ഗോവിന്ദ് ഉത്തം കരന്ദേ, ജ്യോതി ഗോവിന്ദ് കരന്ദേ, ഗായത്രി ഗോവിന്ദ് കരന്ദേ, സിദ്ധി ഗോവിന്ദ് കരന്ദേ എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ധരാശിവ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിലെ ഒരാൾ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
പലചരക്ക് കടയിൽനിന്ന് തീ പടർന്നെന്ന് സംശയം
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്ക് കടയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മുകളിലത്തെ നിലയിൽ കുടുങ്ങിയ ആറുപേർക്കും രക്ഷപ്പെടാനായില്ല.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾ പുലർച്ചെ രണ്ടുമണിവരെ ഉണർന്നിരുന്നുവെന്നാണ് വിവരം.
കടയിൽ വലിയ അളവിൽ പാചക എണ്ണയും നെയ്യും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും സൂക്ഷിച്ചിരുന്നു. ഇവ തീ കൂടുതൽ വേഗത്തിൽ പടരാൻ കാരണമായെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അന്വേഷണം ആരംഭിച്ചു
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ധരാശിവ് ജില്ലാ കളക്ടർ കീർത്തി കിരൺ പുജാർ അറിയിച്ചു.
തമിഴ്നാട്ടിൽ പടക്കാപകടത്തിൽ കുട്ടി മരിച്ചു
അതേസമയം, ദീപാവലി ആഘോഷത്തിനിടെ തമിഴ്നാട്ടിലും പടക്കാപകടമുണ്ടായി. പടക്കം പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു.
സംസ്ഥാനത്തുടനീളം പടക്കങ്ങൾ പൊട്ടിച്ചതിനെത്തുടർന്നുണ്ടായ പൊള്ളലുകൾക്ക് 269 പേർ ചികിത്സ തേടിയിട്ടുണ്ട്.
ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ദേഹമാസകലം പൊള്ളലേറ്റവരുമുണ്ട്.
അപകടങ്ങളെ തുടർന്ന് തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
English Summary:
Six members of a family, including three children, died in a fire at a building housing their home and grocery shop in Yedshi village, Maharashtra’s Dharashiv district, during Diwali celebrations. A lamp is suspected to have triggered the fire. In a separate incident, a child died in a firecracker accident in Tamil Nadu, where 269 people sought treatment for burn injuries.
