ധാക്ക: ബംഗ്ലാദേശിലെ ദരിദ്ര മേഖലകളിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിലേതാണെന്ന് തെറ്റായി വിശേഷിപ്പിച്ച് ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്.
ധാക്കയിലെ ചേരിപ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഏകദേശം 150 ചൈനീസ് പൗരന്മാർ ചിത്രീകരണം നടത്തിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ.
ഇന്ത്യയെ ആഗോളതലത്തിൽ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ധാക്കയിലെ ദൃശ്യങ്ങൾ ന്യൂഡൽഹിയിലേതെന്ന് പരിചയപ്പെടുത്തുന്നു
നവംബർ ആറിന് ബംഗ്ലാദേശ് പത്രമായ പ്രഥം ആലോ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ധാക്കയിലെ ടെക്പാറ, ഉത്തറയിലെ സെക്ടർ 12 തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈനീസ് വ്ലോഗർമാർ പ്രധാനമായും ചിത്രീകരണം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
വീചാറ്റ്, ഡൗയിൻ തുടങ്ങിയ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇവർ ദൃശ്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നു.
എന്നാൽ ചിത്രീകരണം നടക്കുന്നത് ന്യൂഡൽഹിയിലാണെന്നാണ് പ്രേക്ഷകരോട് പറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രദേശവാസികളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങളും ചില വീഡിയോകളിലുണ്ടെന്നാണ് ആരോപണം.
നവംബർ ഒന്നിന് മിയാൻമിയാൻ എന്ന പേരിലുള്ള ചൈനീസ് യുവതി ഉത്തറ സെക്ടർ 12ൽനിന്ന് ലൈവ് ചെയ്തിരുന്നു. ന്യൂഡൽഹിയാണെന്ന് പരിചയപ്പെടുത്തിയ പ്രദേശത്തെ വീടുകൾ വൃത്തിഹീനവും ശുചിത്വമില്ലാത്തതും വികസനം എത്താത്തതുമാണെന്ന് യുവതി വിശേഷിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
മറ്റൊരു സംഭവത്തിൽ വാങ് വെയ് എന്ന ചൈനീസ് പൗരൻ ടെക്പാറയിലെ ചായക്കടയിൽനിന്ന് വീഡിയോ ചിത്രീകരിച്ചു.
പ്രദേശവാസികൾ കുടിക്കുന്ന ചായ പശുവിന്റെ മൂത്രവും മലിനമായ നദീജലവും ഉപയോഗിച്ചാണ് തയ്യാറാക്കുന്നതെന്ന് ഇയാൾ ലൈവിനിടെ പറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മാസങ്ങളായി തുടരുന്ന ചിത്രീകരണം
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസങ്ങളായി ധാക്കയിലെ താഴ്ന്ന വരുമാനക്കാരുടെ താമസമേഖലകളിൽ ചൈനീസ് വ്ലോഗർമാർ എത്തി ചിത്രീകരണം നടത്തുന്നുണ്ടെന്നാണ് വിവരം.
മേയ് 28ന് ദി ബിസിനസ് സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ടെക്പാറയിലെ ചൈനീസ് വ്ലോഗർമാരുടെ സാന്നിധ്യം പരാമർശിച്ചിരുന്നു.
ഇടുങ്ങിയ വഴികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ ജീവിതവുമാണ് ഇവർ പ്രധാനമായും ചിത്രീകരിക്കുന്നത്.
ദീർഘനേരം ചിത്രീകരണം നടത്തുന്നതിനായി കൂളിങ് ഫാനുകൾ ഘടിപ്പിച്ച ഐഫോണുകൾ ഉപയോഗിക്കുന്നവരെയും കണ്ടതായി റിപ്പോർട്ടിലുണ്ട്.
ബിലിബിലി, യൂകു തുടങ്ങിയ ചൈനീസ് പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത വീഡിയോകളും പത്രം പരിശോധിച്ചു.
‘ദരിദ്രം’, ‘വൃത്തിഹീനം’, ‘ചേരി’ തുടങ്ങിയ വിശേഷണങ്ങളാണ് പല വീഡിയോകളുടെയും തലക്കെട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
ദരിദ്രരെ സഹായിക്കുന്നവരെന്ന രീതിയിൽ സ്വയം അവതരിപ്പിച്ചുകൊണ്ട് അവരുടെ ദുരിതപൂർണമായ ജീവിതം ഓൺലൈൻ ഉള്ളടക്കമാക്കി മാറ്റുകയാണ് ചിലർ ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ ആറിന് കലേർ കാന്തോ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ഉത്തറ സെക്ടർ 12ലെ ചൈനീസ് പൗരന്മാരുടെ സാന്നിധ്യം പരാമർശിച്ചിരുന്നു.
മൂന്ന് മുതൽ നാല് മാസം വരെയായി വ്ലോഗർമാരുടെ സംഘങ്ങൾ പതിവായി പ്രദേശത്തെത്തുന്നുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
വീടുകളിലും കുളിമുറികളിലും ചിത്രീകരണം; സ്വകാര്യതാ ആശങ്ക
സ്ഥലങ്ങൾ തെറ്റായി അവതരിപ്പിക്കുന്നതിനു പുറമേ പ്രദേശവാസികളുടെ സ്വകാര്യതയും സമ്മതവും സംബന്ധിച്ച ആശങ്കകളും ഉയർന്നിട്ടുണ്ട്. അനുമതിയില്ലാതെ വീടുകളിലും കടകളിലും കയറി ചിത്രീകരണം നടത്തിയെന്നാണ് ആരോപണം.
വീടുകൾക്കുള്ളിലും അടുക്കളകളിലും കുളിമുറികളിൽപ്പോലും ചിത്രീകരണം നടന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടതായും പ്രഥം ആലോ, ദി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടുകളിൽ പറയുന്നു.
ചൈനീസ് സംഘങ്ങളെ സഹായിക്കാൻ പ്രദേശത്തെ ചില സ്ത്രീകളും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വഴികാട്ടിയായി പ്രവർത്തിച്ച ഒരു സ്ത്രീക്ക് പ്രതിദിനം 700 മുതൽ 800 ടാക്ക വരെ ലഭിച്ചിരുന്നതായും വിവരമുണ്ട്.
വീണ്ടും വീണ്ടും ഒരേ പ്രദേശങ്ങളിൽ എത്തി ആളുകളുടെ സമ്മതമില്ലാതെ ചിത്രീകരണം നടത്തുന്നതിന്റെ ഉദ്ദേശ്യമാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്.
പൊലീസ് നിരീക്ഷണത്തിൽ ചൈനീസ് സംഘങ്ങൾ
സംഭവം പ്രാദേശിക അധികാരികളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചൈനീസ് പൗരന്മാർ പ്രദേശത്ത് ചിത്രീകരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉത്തറ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
എന്നാൽ ഇവരുടെ പ്രവർത്തനങ്ങളുടെ യഥാർഥ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദരിദ്ര മേഖലകൾ സന്ദർശിച്ച് അവിടുത്തെ ജീവിതസാഹചര്യങ്ങൾ ചിത്രീകരിക്കുന്ന വിദേശികളും ഓൺലൈൻ വരുമാനം ലക്ഷ്യമിട്ട് ഉള്ളടക്കം സൃഷ്ടിക്കുന്നവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാൽ ബംഗ്ലാദേശിലെ പ്രദേശങ്ങളെ ഇന്ത്യയിലേതായി തെറ്റായി അവതരിപ്പിക്കുകയും അവിടുത്തെ ജനങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നതാണ് ഈ സംഭവത്തെ ഗൗരവമുള്ളതാക്കുന്നത്.
ഇതിന് പിന്നിൽ ഓൺലൈൻ കാഴ്ചക്കാരെ ആകർഷിക്കാനുള്ള ശ്രമം മാത്രമാണോ, അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
English Summary:
Bangladeshi media reports allege that Chinese vloggers have been filming in poor neighbourhoods of Dhaka and presenting the footage on Chinese social media platforms as scenes from New Delhi. Reports also raise concerns about insulting commentary, filming without consent and violations of residents’ privacy. Police have acknowledged the presence of Chinese nationals but say their actual purpose remains unclear.
