ഹിമാലയൻ അതിർത്തിയിൽ കണ്ടെത്തിയ ലോഹത്തളിക! ഇന്ത്യ-നേപ്പാൾ ആകാശത്ത് പ്രത്യക്ഷപ്പെട്ട ആ രഹസ്യം പുറത്തുവിട്ട് അമേരിക്ക; സിഐഎ സൂക്ഷിച്ച 6 പേജ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ; സിക്കിമിലും ലഡാക്കിലും പുലർച്ചെ സംഭവിച്ചത് ഇതാണ്; ഭയപ്പെടുത്തുന്ന ആകാശ പ്രതിഭാസങ്ങളുടെ ചുരുളഴിയുമ്പോൾ!

2 Min Read

ന്യൂഡൽഹി: അജ്ഞാത ആകാശ പ്രതിഭാസങ്ങളെ (UAP) കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് വീണ്ടും ചൂടേകുന്ന വിവരങ്ങളാണ് അമേരിക്കൻ ഭരണകൂടം പുറത്തുവിട്ട രേഖകളിൽ ഉൾപ്പെട്ടിരിക്കുന്നത്. 1968 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെയും നേപ്പാളിന്റെയും വിവിധ മേഖലകളിൽ അസാധാരണ പ്രകാശവും അതിവേഗ ചലനവുമുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി രേഖകളിൽ പരാമർശിക്കുന്നു.

അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ പുറത്തുവിട്ട രേഖകളിൽ, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ തയ്യാറാക്കിയ ആറു പേജുള്ള രഹസ്യ റിപ്പോർട്ടും ഉൾപ്പെട്ടിട്ടുണ്ട്. മുൻകാല യുഎഫ്ഒ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട രേഖകൾ ഡിക്ലാസിഫൈ ചെയ്യുന്ന നടപടികളുടെ ഭാഗമായാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ഹിമാലയൻ അതിർത്തി മേഖലകളിൽ പല തവണയും അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെട്ടിരുന്നു. സൈനിക ഉദ്യോഗസ്ഥരടക്കമുള്ള ദൃക്‌സാക്ഷികൾ ഇവയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സിക്കിമിലെ ലാചുംഗ്, ലാച്ചൻ, ട്രാംഗു, മുഗുതാംഗ്, ചോൽഹാമു തുടങ്ങിയ പ്രദേശങ്ങളിൽ വടക്ക്-കിഴക്കിൽ നിന്ന് തെക്ക്-പടിഞ്ഞാറോട്ട് അതിവേഗത്തിൽ സഞ്ചരിച്ച വസ്തുവിൽ നിന്ന് ശക്തമായ പ്രകാശം പുറപ്പെട്ടിരുന്നതായും, അത് കടന്നുപോയതിന് പിന്നാലെ ഇടിമിന്നലിന് സമാനമായ വലിയ ശബ്ദം കേട്ടതായും രേഖകളിൽ പറയുന്നു.

ലഡാക്കിലെ ചാംഗ് ലാ, ഫുകച്ചെ, കോയൂൽ മേഖലകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീങ്ങിയ തീവ്രമായ വെളുത്ത പ്രകാശത്തിനൊപ്പം ചുവപ്പ് കലർന്ന പ്രകാശവും വെളുത്ത പുകയുമാണ് ദൃക്‌സാക്ഷികൾ കണ്ടതായി റിപ്പോർട്ടിൽ പറയുന്നത്. അനെ ലാ പ്രദേശത്ത് ഒരു അജ്ഞാത വസ്തു ആകാശത്ത് വൃത്താകൃതിയിൽ സഞ്ചരിച്ചതായും രേഖകളിൽ പരാമർശമുണ്ട്.

മാർച്ച് അവസാനത്തോടെ ഫുകച്ചെ, കോയൂൽ, ഡെംചോക്ക് എന്നീ അതിർത്തി ഗ്രാമങ്ങൾക്ക് സമീപം റോക്കറ്റിന്റെ ആകൃതിയിലുള്ള ഒരു വസ്തു 20,000 മുതൽ 25,000 അടി വരെ ഉയരത്തിൽ അതിവേഗത്തിൽ സഞ്ചരിച്ചതായും ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തിരുന്നു.

1968 മാർച്ച് 27-ന് നേപ്പാളിലെ കാസ്കി മേഖലയിലുണ്ടായ സംഭവമാണ് റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. വടക്കുനിന്ന് തെക്കോട്ട് ശക്തമായ പ്രകാശത്തോടും വലിയ ശബ്ദത്തോടും കൂടിയ ഒരു വസ്തു സഞ്ചരിച്ചതായും, തുടർന്ന് പൊഖരയ്ക്ക് സമീപമുള്ള ബാൽത്തിചൗർ പ്രദേശത്തെ ഒരു വലിയ ഗർത്തത്തിൽ നിന്ന് ലോഹ തളിക കണ്ടെത്തിയതായും സിഐഎ രേഖകൾ പറയുന്നു.

അതേസമയം, ഈ സംഭവങ്ങൾ അന്യഗ്രഹ പേടകങ്ങളുടെയോ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തിന്റെയോ തെളിവാണെന്ന് അമേരിക്കൻ അധികൃതരോ ശാസ്ത്രജ്ഞരോ അവകാശപ്പെടുന്നില്ല. 1940-കൾ മുതൽ ലഭിച്ചിട്ടുള്ള യുഎഫ്ഒ റിപ്പോർട്ടുകൾ സംബന്ധിച്ച അന്വേഷണങ്ങളിലൊന്നും അന്യഗ്രഹ സാങ്കേതികവിദ്യയെ സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു.

സംഭവങ്ങളെക്കുറിച്ചുള്ള പഴയ രേഖകൾ വീണ്ടും പുറത്തുവന്നതോടെ ചർച്ചകൾ സജീവമായിരിക്കുകയാണ്. എന്നാൽ ഇത്തരം അജ്ഞാത ആകാശ പ്രതിഭാസങ്ങൾ അന്യഗ്രഹ ജീവന്റെ സാന്നിധ്യത്തിന് തെളിവല്ലെന്നും കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമാണ് എന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.

English Summary
Declassified US documents have revealed reports of unidentified aerial phenomena over India and Nepal in 1968, including sightings in Sikkim and Ladakh. However, US authorities stress that there is no scientific evidence linking these incidents to extraterrestrial life.

us-documents-1968-uap-india-nepal-sightings

UAP, UFO, CIA, Pentagon, India, Nepal, Sikkim, Ladakh, Extraterrestrial, US Documents

Share This Article