ആറന്മുള വള്ളസദ്യ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പത്തനംതിട്ടയിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്ന വള്ളസദ്യ വഴിപാടുകൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നടത്താനായില്ല. ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രം നിർവഹിച്ചാണ് ഇന്നലത്തെ പരിപാടികൾ അവസാനിപ്പിച്ചത്.
പമ്പ നദിയിലെ ജലനിരപ്പും ഒഴുക്കും അപകടകരമായി ഉയർന്ന സാഹചര്യത്തിൽ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്ന് പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു.
ഇന്നലെയും ഇന്നും നിശ്ചയിച്ചിരുന്ന വഴിപാടുകൾ മാറ്റി
ഇന്നലെ 11 വള്ളസദ്യ വഴിപാടുകൾ നിശ്ചയിച്ചിരുന്നുവെങ്കിലും ചടങ്ങുകൾ മാത്രം നടത്തി. ഇന്ന് നടത്താനിരുന്ന 10 വള്ളസദ്യ വഴിപാടുകളും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചു.
അതേസമയം, വള്ളസദ്യയ്ക്കായി എത്തിയ എല്ലാ പള്ളിയോടങ്ങളും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട്
ആറന്മുള വള്ളസദ്യയെ ബാധിച്ച മഴക്കെടുതി ഗതാഗതത്തെയും സാരമായി ബാധിച്ചു. ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി.
ഇന്നലെ വള്ളസദ്യ വഴിപാടിനായി എത്തിയ ഭക്തർ റോഡിലെ വെള്ളത്തിലൂടെയാണ് ക്ഷേത്രത്തിലെത്തിയത്.
ജാഗ്രത തുടരണമെന്ന് അധികൃതർ
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ നദിയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതിന് ശേഷമായിരിക്കും മാറ്റിവെച്ച ആറന്മുള വള്ളസദ്യ വഴിപാടുകളുടെ പുതിയ തീയതി സംബന്ധിച്ച് തീരുമാനം ഉണ്ടാകുക.
