ഇടുക്കി: യാത്രാക്ലേശങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം അധ്യാപകർ ജോലി ചെയ്യാൻ മടിക്കുന്ന ഇടമലക്കുടി ഗവൺമെന്റ് എൽ.പി. സ്കൂളിലേക്ക് വീണ്ടും എത്തുകയാണ് അധ്യാപകനായ സി.എ. ഷമീർ. ഇക്കുറി ഒരു സാധാരണ അധ്യാപകനായല്ല, സ്കൂളിന്റെ പ്രധാനാധ്യാപകനായാണ് വെള്ളത്തൂവൽ ശല്യാംപാറ സ്വദേശിയായ ഷമീർ ചുമതലയേൽക്കുന്നത്.
മുൻപ് ഇതേ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന ഷമീർ, ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനം എളുപ്പമാക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. വനമേഖലയിലെ കുട്ടികൾക്ക് ലളിതമായി അക്ഷരങ്ങൾ സ്വായത്തമാക്കാൻ സഹായിക്കുന്നതിനായി അദ്ദേഹം രൂപകൽപന ചെയ്ത ‘പഠിപ്പുറസി’ എന്ന പഠനപദ്ധതി സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഗോത്രഭാഷയും ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ കുട്ടികൾ കൈവരിച്ച പുരോഗതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രിക്കു മുന്നിൽ അവതരിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.
അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ പിന്നീട് ബൈസൺവാലി സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയെങ്കിലും, താൻ പഠിപ്പിച്ച കുട്ടികളെയും ഇടമലക്കുടിയിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെയും കുറിച്ചുള്ള ആശങ്ക ഷമീറിനെ വിട്ടുമാറിയിരുന്നില്ല. സ്കൂൾ തുറന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രധാനാധ്യാപകനെ നിയമിക്കാത്തതും നിയമനം ലഭിച്ച ചില അധ്യാപകർ ചുമതലയേൽക്കാൻ മടിച്ചതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇത്തരം സാഹചര്യത്തിലാണ് ഷമീർ വീണ്ടും ഇടമലക്കുടിയിലേക്ക് മടങ്ങിയെത്തുന്നത്. ദുർഘടമായ വനപാതകളും കാട്ടുമൃഗങ്ങളുടെ ഭീഷണിയും നിറഞ്ഞ ഏകദേശം 32 കിലോമീറ്റർ ദൂരം പിന്നിട്ടാണ് സ്കൂളിലെത്തേണ്ടതെന്ന വെല്ലുവിളി നിലനിൽക്കുമ്പോഴും, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയോടെയാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
ഇടമലക്കുടിയിലെ ഗോത്രസമൂഹത്തിനും അവിടുത്തെ കുരുന്നുകൾക്കും പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് ഷമീറിന്റെ തിരിച്ചുവരവെന്നാണ് പ്രദേശവാസികൾ വിലയിരുത്തുന്നത്.
English Summary
C.A. Shameer, a dedicated teacher from Shalyampara in Vellathooval, has returned to Idamalakudy Government LP School as its headmaster. Despite the hardships of reaching the remote tribal settlement, he chose to serve the children once again. His return has brought renewed hope to the tribal community and students, who had been facing a shortage of teachers and administrative uncertainty.
