10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. , മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 10 ജില്ലകളിൽ കലക്ടർമാരുടെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് 10 ജില്ലാ കലക്ടർമാർ ഉത്തരവിറക്കി. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് (ഓഗസ്റ്റ് 5, ബുധനാഴ്ച) അവധി.
അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ നടപടി സ്വീകരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കേരള സർവകലാശാല പരീക്ഷകൾ മാറ്റി
ശക്തമായ മഴയെ തുടർന്ന് ഇന്ന് നടത്താനിരുന്ന കേരള സർവകലാശാലയുടെ എല്ലാ തിയറി, പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകളും മാറ്റിവച്ചു.
എന്നാൽ സർവകലാശാലയുടെ പഠന വകുപ്പുകളിൽ നടക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പ് തുടരുന്നു
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.
കൂടാതെ, തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഓഗസ്റ്റ് 6) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ഇതോടൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതി രൂക്ഷം; മരണം 27 ആയി
സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 27 പേർ മരിച്ചു. നാലുപേരെ കാണാതായിട്ടുണ്ട്.
അതേസമയം, 418 ദുരിതാശ്വാസ ക്യാംപുകളിലായി 18,434 പേരെ പാർപ്പിച്ചിട്ടുണ്ട്. മഴയിൽ 52 വീടുകൾ പൂർണമായും തകർന്നപ്പോൾ 555 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ജില്ലയിൽ അഞ്ച് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളോട് അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അഭ്യർഥിച്ചു.
