തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാൻ ബാങ്കുകളുടെ കൂടുതൽ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിങ് മേഖല 18 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ് കൈവരിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപം 10.62 ലക്ഷം കോടി രൂപയിലേക്കും വായ്പ വിതരണം 7.74 ലക്ഷം കോടി രൂപയിലേക്കും ഉയർന്നത് ബാങ്കിങ് മേഖലയിലെ ശക്തമായ വളർച്ചയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പുരോഗതിയും സാമൂഹിക നീതിയും സാങ്കേതിക മുന്നേറ്റവും മനുഷ്യ വികസനവും ഒരുമിപ്പിക്കുന്ന ‘പുതുയുഗ കേരളം’ എന്ന വികസന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ 27 വ്യോമയാന പദ്ധതികളിലേക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ആധുനികവത്കരിക്കുന്നതിനായി വിദേശ സർവകലാശാലകളുമായും പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുമായും സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ വിപണിയിലെ മാറ്റങ്ങൾ വിലയിരുത്താൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ 10,000 പുതിയ ചെറുകിട-ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ ധനസഹായവും സാങ്കേതിക പിന്തുണയും നൽകും.
യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് ബാങ്കുകളുടെ സജീവ പിന്തുണ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ കനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എസ്.എൽ.ബി.സി കൺവീനർ വി.എസ്. സന്തോഷ്, റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ പ്രവീൺകുമാർ വസന്തരാമചന്ദ്ര, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ എന്നിവർ പങ്കെടുത്തു.
English Summary:
Chief Minister V.D. Satheesan called for greater support from banks to implement Kerala’s development agenda. He announced plans for 10,000 new MSMEs, low-interest loans for young entrepreneurs, aviation projects, and a new Global Job Watch Tower to boost employment and investment.

