കോഴിക്കോട്: കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണവുമായി ബന്ധപ്പെട്ട ഹിറ്റ് ആൻഡ് റൺ കേസിൽ രണ്ട് വർഷത്തിന് ശേഷം നിർണായക പുരോഗതി. ആദ്യം കണ്ടെത്താനാകാതെ പോയ കേസിന് പിന്നിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാനും സംഭവം മറച്ചുവയ്ക്കാനുമായി ഗൂഢാലോചന നടന്നതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
2024 ജനുവരി 12-ന് രാത്രി കക്കോടി കൂടത്തുംപൊയിലിൽ കാൽനടയായി സഞ്ചരിക്കുകയായിരുന്ന ബാലകൃഷ്ണനെ ഒരു ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ കടന്നുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അടുത്ത ദിവസം മരണത്തിന് കീഴടങ്ങി.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് ഒന്നര വർഷത്തിലേറെ അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തെളിവുകളുടെ അഭാവത്തിൽ കേസ് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാൽ എലത്തൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പുതിയ അന്വേഷണത്തിലാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണെന്ന വിവരം പുറത്തുവന്നത്. അപകടവിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് സംഭവം മറച്ചുവയ്ക്കാനും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുമായി ശ്രമങ്ങൾ നടന്നതായും പൊലീസ് കണ്ടെത്തി.
അപകടത്തിനുപയോഗിച്ച ഇരുചക്രവാഹനം പിന്നീട് മോഡിഫിക്കേഷൻ നടത്തി തിരിച്ചറിയാനാകാത്ത വിധം മാറ്റം വരുത്തി മറ്റൊരാൾക്ക് വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായും പൊലീസ് അറിയിച്ചു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.
അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾ നിലവിൽ കേരളത്തിന് പുറത്താണെന്നാണ് വിവരം. ഇവരെ തിരിച്ചുവിളിച്ച് ചോദ്യം ചെയ്യാനും തെളിവ് നശിപ്പിക്കാൻ സഹായിച്ച മറ്റ് വ്യക്തികളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി ചോദ്യം ചെയ്യാനുമാണ് പൊലീസിന്റെ തീരുമാനം.
English Summary
A major breakthrough has emerged in the 2024 hit-and-run case involving the death of Balakrishnan in Kozhikode. Police have found that two minor students were allegedly involved in the accident. Investigators also uncovered a conspiracy to destroy evidence, including modifying and selling the vehicle involved. One of the students’ fathers has been arrested and later released on bail.
