തിരുവനന്തപുരം: ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി നേരിട്ട് കണ്ടും സ്വയംസേവകരുമായി സംവദിച്ചും ആർഎസ്എസിനെ മനസിലാക്കണമെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കാൻ സ്വയംസേവകരെ കേൾക്കുകയും സംഘപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് ആരും എതിരാളികളല്ലെന്നും എല്ലാവരും നാളത്തെ സ്വയംസേവകരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളെക്കുറിച്ച് വീടിനുള്ളിൽ ഇരുന്ന് വിലപിക്കുന്നതിന് പകരം ദേശീയചിന്തയോടെ ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും രാജ്യത്ത് നടന്ന സാമൂഹിക പരിഷ്കരണ ശ്രമങ്ങളെ പരാമർശിച്ച അദ്ദേഹം, രാഷ്ട്രം അതിന്റെ തനിമയിൽ സംഘടിക്കാതെ പൂർവ വൈഭവം വീണ്ടെടുക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ആർഎസ്എസ് രൂപംകൊണ്ടതെന്ന് പറഞ്ഞു. ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ചിന്തകളെ അടിസ്ഥാനമാക്കിയായിരുന്നു സംഘടനയുടെ വളർച്ചയെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാരതം ഭൗമപരിധികളിൽ ഒതുങ്ങുന്നതല്ലെന്നും അത് ഒരു സാംസ്കാരിക ആശയമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദു എന്നത് ഒരു ജീവിതരീതിയെയും സാംസ്കാരിക പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നതാണെന്നും വൈവിധ്യങ്ങളെ ഉൾക്കൊണ്ട് ഒരുമിച്ച് ജീവിക്കുന്നതാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ കരുത്ത് പരസ്പര സഹകരണത്തിലാണെന്നും ഭാരതീയ ജീവിതരീതി കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദുസമൂഹം കൂടുതൽ സംഘടിതമാകണമെന്നും സാഹോദര്യബോധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ആർഎസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പി. ഗിരീഷ്, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളും സദസിൽ സന്നിഹിതരായിരുന്നു. തുടർന്ന് പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മോഹൻ ഭാഗവത് മറുപടി നൽകി.
English Summary
RSS chief Mohan Bhagwat said people should understand the organisation by attending its activities and interacting with volunteers. Speaking at a centenary event in Thiruvananthapuram, he said RSS has no enemies and that everyone is a potential swayamsevak. He also stressed the need for social unity and strengthening India’s cultural values.
