തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ, ഒടുവിൽ ജയിലിലേക്ക്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ യുഎസ് ജഡ്ജി കെ.പി. ജോർജിന് 180 ദിവസം തടവ്; 5 വർഷത്തെ പ്രൊബേഷനും ശിക്ഷ വിധിച്ച് ടെക്സസ് കോടതി

2 Min Read

പത്തനംതിട്ട ∙ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫോർട്ട് ബെൻഡ് കൗണ്ടി മുൻ ചീഫ് ജഡ്ജി കെ.പി. ജോർജിന് ടെക്സസ് കോടതി ശിക്ഷ വിധിച്ചു. കൗണ്ടി ജയിലിൽ 180 ദിവസത്തെ തടവും അഞ്ച് വർഷത്തെ പ്രൊബേഷനും 5,000 ഡോളർ പിഴയുമാണ് കോടതി വിധിച്ചത്.

ശിക്ഷയ്ക്കു പകരം കമ്മ്യൂണിറ്റി മേൽനോട്ടം മതിയെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിൽ നിന്ന് സ്വന്തം ആവശ്യങ്ങൾക്കായി പണം ദുരുപയോഗം ചെയ്തതാണ് പ്രധാന കുറ്റമായി കണ്ടെത്തിയത്.

2019ൽ കാമ്പെയ്ൻ അക്കൗണ്ടിൽ നിന്ന് 46,500 ഡോളറിലധികം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ തെളിവുകൾ ഹാജരാക്കി.

ഫോർട്ട് ബെൻഡ് കൗണ്ടിയുടെ പരമോന്നത പദവിയിലെത്തിയ ആദ്യ മലയാളിയായിരുന്നു കെ.പി. ജോർജ്. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ഡാനിയൽ വോങ്ങിനെ പുതിയ ജഡ്ജിയായി നിയമിക്കുകയും ചെയ്തിരുന്നു.

2022ലെ തെരഞ്ഞെടുപ്പിനിടെ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ സൃഷ്ടിച്ച് സഹതാപതരംഗം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന മറ്റൊരു കേസും കെ.പി. ജോർജിനെതിരെ നിലവിലുണ്ട്. ഈ കേസിന്റെ വിചാരണ അടുത്ത മാസങ്ങളിൽ നടക്കും.

കേസിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ 2026 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. 1993ൽ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കായി പത്തനംതിട്ടയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയയാളാണ് കെ.പി. ജോർജ്.

English Summary:
A Texas court has sentenced former Fort Bend County Chief Judge K.P. George after finding him guilty in money laundering and financial misconduct cases. He was awarded 180 days in county jail, five years of probation and fined $5,000. Prosecutors proved that he misused campaign funds for personal expenses. Another case related to fake social media accounts during the 2022 election is still pending.



Share This Article