ഫിഫ ലോകകപ്പിൽ വമ്പൻ ടീമുകൾക്ക് അടി തെറ്റുന്ന പ്രവണതയ്ക്ക് വീണ്ടും സാക്ഷ്യം വഹിച്ച് ഫുട്ബോൾ ലോകം. ഹൂസ്റ്റനിൽ ബുധനാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന പോർച്ചുഗലിനെ തുല്യശക്തികളെപ്പോലെ പോരാടി കോംഗോ സമനിലയിൽ തളച്ചു.
നീണ്ട 52 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോംഗോ ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയത് എന്നതിനാൽ ഈ സമനില അവർക്ക് വിജയത്തിന് തുല്യമാണ്. ലോകഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വൻനിര കളം നിറഞ്ഞു കളിച്ചിട്ടും കോംഗോയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് വിജയഗോൾ നേടാൻ പോർച്ചുഗലിന് സാധിച്ചില്ല. ഇരു ടീമുകളും ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമാണ് ഗ്രൗണ്ടിൽ ദൃശ്യമായത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ അവർ ആദ്യ ലീഡെടുക്കുകയും ചെയ്തു. ഇടതു വിങ്ങിൽ നിന്ന് പെദ്രോ നെറ്റോ നൽകിയ മനോഹരമായ ക്രോസിൽ കൃത്യമായി തലവെച്ച് ജോവാ നെവസാണ് പോർച്ചുഗലിനെ മുന്നിലെത്തിച്ചത്. എന്നാൽ ഈ ഗോളിന് ശേഷം കോംഗോ ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്.
11-ാം മിനിറ്റിൽ യോനെ വിസ്സയുടെ ഒരു ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്ത് അവർ ലക്ഷ്യം കണ്ടു. ആർതർ മസുവാക്ക എടുത്ത മികച്ചൊരു കോർണർ കിക്ക് കൃത്യമായ ഹെഡറിലൂടെ വലയിലെത്തിച്ച് യോനെ വിസ്സ കോംഗോയ്ക്ക് അർഹിച്ച സമനില ഗോൾ സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിൽ കോംഗോ നേടുന്ന ആദ്യ പോയിന്റാണിത്.
രണ്ടാം പകുതിയിൽ ലീഡുയർത്താനായി പോർച്ചുഗൽ നിരവധി മാറ്റങ്ങൾ വരുത്തി. ബെർണാഡോ സിൽവയ്ക്ക് പകരം ഫ്രാൻസിസ്കോ കോൺസെയ്കാവോ കളത്തിലിറങ്ങി. 54-ാം മിനിറ്റിൽ ജോവ നെവസിന്റെ പാസിൽ നിന്ന് കാൻസലോ ഒരു തകർപ്പൻ ആക്രോബാറ്റിക് ഗോളിലൂടെ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ പോർച്ചുഗലിന്റെ ആഹ്ലാദം നിരാശയ്ക്ക് വഴിമാറി.
ആദ്യ പകുതിയിലെ സമനില നൽകിയ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ കോംഗോയും മികച്ച മുന്നേറ്റങ്ങൾ നടത്തി. മത്സരം 60 മിനിറ്റ് പിന്നിട്ടപ്പോൾ നിരന്തരം ഫൗളുകൾ വഴങ്ങിയതിനെച്ചൊല്ലി ഇരു ടീമിലെയും കളിക്കാർ തമ്മിൽ മൈതാനത്ത് വെച്ച് വലിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ബ്രൂണോ ഫെർണാണ്ടസിനും ഗോൾ നേടാൻ സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. റൊണാൾഡോയുടെ ഒരു ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയപ്പോൾ, ഇഞ്ചുറി ടൈമിൽ ലഭിച്ച അഞ്ച് മിനിറ്റിലും കോംഗോ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.
1974-ൽ തങ്ങളുടെ അവസാന ലോകകപ്പ് കളിച്ചപ്പോൾ ബ്രസീൽ അടക്കമുള്ള ഗ്രൂപ്പിലെ എല്ലാ ടീമുകളോടും തോറ്റ ചരിത്രമുള്ള കോംഗോ, ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ സമനിലയിൽ തളച്ചത് ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി രേഖപ്പെടുത്തപ്പെടും.
English Summary
In a major FIFA World Cup upset, underdogs Congo held powerhouse Portugal to a 1-1 draw in Houston. Joao Neves scored early for Portugal, but Yoane Wissa equalized before halftime. Despite Cristiano Ronaldo’s efforts and late pressure, Congo’s solid defense secured their first-ever World Cup point after 52 years.
