തിരുവനന്തപുരം ∙ വിവിധ കരാറുകൾ വഴിയുള്ളതടക്കം പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ജൂൺ 30 വരെ വൈകിട്ട് 6 മുതൽ രാത്രി 12 വരെ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി തടസ്സം നേരിടേണ്ടി വന്നേക്കും.
സംസ്ഥാനത്ത് നിലവിൽ 900 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമമാണുള്ളത്. ലഭ്യത കൂടുതൽ കുറഞ്ഞാൽ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകി. മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഊർജ സെക്രട്ടറി കൂടിയായ കെഎസ്ഇബി ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.
എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉയർന്ന താപനിലയും രാജ്യത്ത് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായി. ഇതോടെ പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയിലും അഞ്ച് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാത്രിയിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. കാലവർഷം ദുർബലമായതിനാൽ താപനില കാര്യമായി കുറഞ്ഞിട്ടില്ല. 4,100 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉപഭോഗം 4,900 മെഗാവാട്ട് വരെ ഉയർന്നതായാണ് വിലയിരുത്തൽ.
English Summary:
Kerala will face power restrictions until June 30 due to reduced electricity availability from external sources. Power cuts of 15 to 30 minutes may occur between 6 pm and midnight. A shortfall of 900 MW and increased demand caused by weak monsoon conditions and higher temperatures have prompted the government to authorize KSEB to impose temporary restrictions.
