സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര! കിലോമീറ്ററിന് 55 രൂപ തന്നാൽ വരുമാനം സർക്കാരിന്; പുതിയ ഫോർമുലയുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

1 Min Read

തൃശൂർ ∙ കെഎസ്ആർടിസിയിൽ നിലവിലുള്ളതു പോലെ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. തൃശൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ സർക്കാരിന് മുന്നിൽവച്ചത്.

സ്വകാര്യ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. സർവീസ് നടത്തുന്ന ദൂരം കണക്കാക്കി കിലോമീറ്ററിന് 55 രൂപ നിരക്കിൽ ബസുടമകൾക്ക് നൽകാൻ സർക്കാർ തയാറായാൽ ദിവസവരുമാനം സർക്കാരിന് കൈമാറാമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

പുതിയ സംവിധാനത്തിൽ കണ്ടക്ടർമാരെ സർക്കാർ നിയമിക്കണമെന്നും മറ്റ് ചെലവുകൾ ബസുടമകൾ വഹിക്കാമെന്നും സംഘടന നിർദേശിച്ചു. ഇത്തരമൊരു മാതൃക നടപ്പാക്കിയാൽ നിലവിൽ 20 ശതമാനത്തിൽ താഴെ മാത്രം ലഭിക്കുന്ന സൗജന്യ യാത്രാ ആനുകൂല്യം എല്ലാ സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കാനാകുമെന്നും ഫെഡറേഷൻ അഭിപ്രായപ്പെട്ടു.

English Summary:
The Private Bus Operators Federation has demanded that women be allowed free travel in private buses, similar to the scheme implemented in KSRTC buses. The federation proposed that the government pay bus owners ₹55 per kilometre based on the distance operated and appoint conductors, while owners would bear other expenses. According to the federation, such a model would help extend free travel benefits to all private buses.



Share This Article