കൊച്ചി ∙ എറണാകുളത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോച്ചിങ് ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള വിശദപദ്ധതി രേഖ (ഡി.പി.ആർ.) റെയിൽവേ തയ്യാറാക്കി. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 267 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സംസ്ഥാനത്തെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ച ഡി.പി.ആർ. ഉടൻ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് എത്തും. അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ നാല് പ്ലാറ്റ്‌ഫോമുകളായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് അത് ആറായി ഉയർത്തി. കൂടാതെ മൂന്ന് സ്റ്റേബിളിങ് ലൈനുകളും മൂന്ന് പിറ്റ് ലൈനുകളും പദ്ധതിയുടെ ഭാഗമാകും. ബോഗികളുടെ പരിശോധനയ്ക്കും ശുചീകരണത്തിനുമായി ഒരുക്കുന്ന പിറ്റ് ലൈനുകളിൽ രണ്ടെണ്ണം വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകമായി മാറ്റിവയ്ക്കും.
എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാൻ സ്ഥലപരിമിതിയുള്ള സാഹചര്യത്തിൽ, പൊന്നുരുന്നി യാർഡിലെ റെയിൽവേയുടെ 110 ഏക്കർ സ്ഥലത്താണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. ഭാവിയിൽ ആവശ്യാനുസരണം പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 15 വരെ ഉയർത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പുതിയ ടെർമിനൽ നിലവിൽ കൊച്ചിയിലെ റെയിൽവേ ഗതാഗതത്തിരക്ക് കുറയ്ക്കാനും കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ. മെട്രോ, വാട്ടർ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയുമായി ബന്ധിപ്പിക്കുന്നതോടെ സംയോജിത ഗതാഗത സംവിധാനത്തിനും ഇത് പ്രയോജനപ്പെടും.
English Summary:
Railways have prepared the Detailed Project Report for a new coaching terminal at Ponnurunni marshaling yard in Ernakulam at an estimated cost of ₹267 crore. The project, which includes six platforms, three stabling lines and three pit lines, is awaiting Railway Board approval. Once sanctioned, the terminal is expected to be completed within three years and will help ease congestion and improve train operations in Kerala.
