ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരു ദിവസത്തിൽ 105 പേർക്ക് രോഗബാധ, ഡെങ്കിപ്പനി കേസുകളും ഉയരുന്നു

2 Min Read

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ പകർച്ചവ്യാധി വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായി. മലപ്പുറം സ്വദേശിയായ 75 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് മാത്രം 105 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

ഇതിനിടെ, പ്രതിദിന ഡെങ്കിപ്പനി കേസുകൾ നൂറ് കടന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.

പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്നും രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ഇൻസ്പെക്ടർമാർ പ്രത്യേക പരിശോധനകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ളവർ ജനക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാനും തീരുമാനിച്ചു. മഴക്കാല പൂർവശുചീകരണത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാനും കൊതുക് വ്യാപനം നിയന്ത്രിക്കാനുമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.

മഴക്കാലം ശക്തമാകുന്നതിന് മുമ്പ് പരിസര ശുചിത്വം ഉറപ്പാക്കുകയും കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

English Summary:
Concern over infectious diseases has increased in Kerala after another death due to Shigella infection. A 75-year-old woman from Malappuram died, while 105 new cases were reported in a single day. Dengue cases have also crossed 100 per day, prompting the Health Department to issue strict guidelines and announce a three-day statewide ‘Dry Day’ campaign to strengthen mosquito control and sanitation measures.



Share This Article