മനുഷ്യരല്ല, ഇവർ സൈബോർഗുകൾ! സ്വീഡനിൽ പതിനായിരങ്ങളുടെ ശരീരത്തിൽ മൈക്രോചിപ്പുകൾ; താക്കോലുകൾക്കും ഐഡി കാർഡുകൾക്കും വിട; ത്വക്കിനടിയിലെ ‘ബയോഹാക്കിങ്’ വിപ്ലവം; സുരക്ഷാ ആശങ്കകളുമായി വിദഗ്ധർ

1 Min Read

സ്റ്റോക്ക്‌ഹോം ∙ വീടുകളുടെയും ഓഫീസുകളുടെയും വാതിലുകൾ തുറക്കാനും ഡിജിറ്റൽ ഐഡി വിവരങ്ങൾ സൂക്ഷിക്കാനും ഗതാഗത സംവിധാനങ്ങളിൽ ടിക്കറ്റിന് പകരമായി ഉപയോഗിക്കാനുമായി ശരീരത്തിനുള്ളിൽ മൈക്രോചിപ്പുകൾ ഘടിപ്പിക്കുന്ന പ്രവണത സ്വീഡനിൽ വീണ്ടും ശ്രദ്ധ നേടുന്നു. പതിനായിരക്കണക്കിന് ആളുകൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

അരിമണിയുടെ വലിപ്പമുള്ള ആർഎഫ്ഐഡി (RFID) മൈക്രോചിപ്പുകളാണ് സാധാരണയായി തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലുള്ള ത്വക്കിനടിയിൽ സ്ഥാപിക്കുന്നത്. താക്കോലുകൾ, ഐഡി കാർഡുകൾ, ആക്സസ് കാർഡുകൾ എന്നിവ കൈയിൽ കൊണ്ടുനടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇത്തരത്തിൽ സാങ്കേതികവിദ്യയെ മനുഷ്യശരീരവുമായി സംയോജിപ്പിക്കുന്നവരെ ‘ബയോഹാക്കർമാർ’ എന്നാണ് വിശേഷിപ്പിക്കുന്നത്.

കൈയിലെ ചിപ്പ് ഉപയോഗിച്ച് ഓഫീസ് പ്രവേശനം, ചില ഗതാഗത സേവനങ്ങൾ, ഡിജിറ്റൽ വിവരങ്ങളുടെ സംഭരണം തുടങ്ങിയ കാര്യങ്ങൾ എളുപ്പമാക്കാൻ കഴിയുന്നുവെന്നാണ് ഉപയോക്താക്കൾ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വീഡനിൽ ഇത്തരം സാങ്കേതികവിദ്യയ്ക്ക് പ്രചാരം ലഭിച്ചിരുന്നു.

അതേസമയം, വ്യക്തിവിവര സുരക്ഷ, സ്വകാര്യതാ ലംഘനം, ഹാക്കിങ് ഭീഷണി, നിരീക്ഷണ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ആശങ്കകൾ ഉയർത്തിക്കാട്ടി വിദഗ്ധർ ജാഗ്രത നിർദേശിക്കുന്നുണ്ട്. മനുഷ്യശരീരത്തിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

English Summary:
Thousands of people in Sweden are reportedly using RFID microchip implants under their skin to access buildings, store digital IDs and simplify daily activities. Supporters view the technology as a convenient alternative to keys and cards, while experts warn about privacy risks, hacking threats and long-term implications of integrating electronic devices into the human body.



Share This Article