മന്ത്രി റോജി എം. ജോണിന്റെ സ്റ്റാഫിൽ വെൽഫെയർ പാർട്ടി നേതാവ്; കോൺഗ്രസിൽ പരസ്യ കലാപം; കെപിസിസി പ്രസിഡന്റിന് പരാതി നൽകി യൂത്ത് കോൺഗ്രസ്; നിയമനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

2 Min Read

ആലപ്പുഴ ∙ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ വെൽഫെയർ പാർട്ടി പ്രവർത്തകനായ യു. ഷൈജുവിനെ നിയമിച്ചതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമനം.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളും മീഡിയ വൺ ചാനലിലെ മാനേജ്മെന്റ് പ്രതിനിധിയുമാണ് യു. ഷൈജുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കായംകുളത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നുവെന്നും ആരോപണമുണ്ട്.

നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്. നിയമനം പുനഃപരിശോധിക്കണമെന്നും വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കായംകുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി എം. ലിജുവിന്റെ പേഴ്സണൽ സ്റ്റാഫിൽ ഷൈജുവിനെ ഉൾപ്പെടുത്താനുള്ള നീക്കം ഉണ്ടായിരുന്നെങ്കിലും പ്രാദേശികതലത്തിലെ എതിർപ്പിനെ തുടർന്ന് അത് ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ സംഘടനകളിലെ പ്രവർത്തകരെ നിർണായക സ്ഥാനങ്ങളിൽ നിയമിക്കുന്നുവെന്ന വിമർശനവും കോൺഗ്രസിന്റെ ഒരു വിഭാഗത്തിൽ നിന്ന് ഉയരുന്നുണ്ട്. പാർട്ടിക്കായി ദീർഘകാലമായി പ്രവർത്തിച്ചവരെ അവഗണിച്ച് മറ്റ് സംഘടനാ പശ്ചാത്തലമുള്ളവരെ പേഴ്സണൽ സ്റ്റാഫിലേക്കും പ്രധാന സ്ഥാനങ്ങളിലേക്കും നിയമിക്കുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ അതൃപ്തി ശക്തമാണെന്നും റിപ്പോർട്ടുകളുണ്ട്.

English Summary:
The appointment of U. Shaiju, a Welfare Party activist, as Additional Private Secretary to Higher Education Minister Roji M. John has sparked protests within the Congress. A Youth Congress leader has complained to the KPCC president seeking a review of the appointment. Critics allege that individuals associated with organisations that supported the UDF are being given important positions in the government.


welfare-party-activist-appointed-to-roji-m-john-personal-staff-congress-protests


Roji M John, U Shaiju, Welfare Party, Jamaat-e-Islami, Congress, Youth Congress, KPCC, Kerala Politics, Higher Education Minister, UDF, Media One, Alappuzha, Kayamkulam, Political Controversy

Share This Article