പാരീസ് ∙ ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ സാഹചര്യം, ആഗോള രാഷ്ട്രീയ വിഷയങ്ങൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ തുടങ്ങിയവയാണ് ചർച്ചകളിൽ പ്രധാനമായും ഇടംപിടിച്ചത്.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. രാജ്യാന്തര കപ്പൽ ചാലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. റഷ്യ–യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ ആക്രമണമുണ്ടായാൽ യുഎസ് ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. തമാശരൂപേണ, ഇന്ത്യയിൽ പുതിയൊരു നേതാവാണെങ്കിൽ തനിക്ക് അത്ര ഉറപ്പില്ലെങ്കിലും മോദി തന്നെയാണ് നേതാവെങ്കിൽ സഹായിക്കാൻ യുഎസ് ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം വാഷിങ്ടനിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെട്ടതായും നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും വേഗത്തിൽ മുന്നോട്ടുപോകുകയാണെന്നും മോദി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന സമുദ്ര പാതകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യമുണ്ടെന്നും, ആഗോള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുഎസ്–ഇറാൻ ധാരണയിലും ഈ വിഷയത്തിന് ആവശ്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
English Summary:
Prime Minister Narendra Modi and US President Donald Trump met on the sidelines of the G7 Summit in France and discussed bilateral ties, peace in West Asia and the safety of Indian sailors working on international shipping routes. Modi praised Trump’s efforts to ensure stability in the region, while Trump reaffirmed US support for India and lauded Modi’s leadership.
