കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റിയില്ല; വടക്കാഞ്ചേരിയിൽ വിദ്യാർഥികളോട് സ്വകാര്യ ബസ് കണ്ടക്ടറുടെ ക്രൂരത

1 Min Read

തൃശൂർ ∙ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർഥികളെ സ്വകാര്യ ബസിൽ കയറ്റാതെ തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സ്കൂൾ വിദ്യാർഥികളോട് കണ്ടക്ടർ മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയോയിൽ സ്വകാര്യ ബസിന് സമീപം വരിയായി നിൽക്കുന്ന വിദ്യാർഥികളെ കാണാം. ഇവരിൽ മൂന്ന് പേരെ മാത്രം ബസിൽ കയറ്റിയ ശേഷം ബാക്കിയുണ്ടായിരുന്ന അഞ്ച് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു സ്കൂളിലെ രണ്ട് വിദ്യാർഥികൾ ബസിൽ കയറുന്നതും ദൃശ്യങ്ങളിലുണ്ട്.

ആദ്യം കാത്തുനിന്നിരുന്ന വിദ്യാർഥികളിൽ ഒരാൾ കൈകൂപ്പി അപേക്ഷിച്ചെങ്കിലും ബസിൽ കയറ്റില്ലെന്ന നിലപാടിൽ കണ്ടക്ടർ ഉറച്ചുനിന്നതായി വീഡിയോയിൽ കാണാം. ഒടുവിൽ നിസ്സഹായരായി നിൽക്കുന്ന വിദ്യാർഥികളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണോ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.

അതേസമയം, ചില വിദ്യാർഥികളോട് മാത്രം ഇത്തരത്തിൽ പെരുമാറാൻ മറ്റേതെങ്കിലും കാരണങ്ങളുണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

English Summary:
A video showing a private bus conductor allegedly refusing entry to several school students at Vadakkenchery bus stand in Thrissur has gone viral on social media. While three students were allowed to board, five others were denied entry despite their requests. Questions have been raised over whether the incident is linked to the ongoing protests by private bus operators, though the exact reason behind the conductor’s action remains unclear.



Share This Article