കൊച്ചിൻ ഷിപ്പ്‌യാർഡിൽ കനത്ത സുരക്ഷാ വീഴ്ച! അറ്റകുറ്റപ്പണിക്കെത്തിച്ച യുദ്ധക്കപ്പലിന് സമീപം ‘ഐ ലവ് പാകിസ്ഥാൻ’ എന്ന് എഴുതിയ നിലയിൽ; റോയും ഐബിയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കൊച്ചിയിൽ

1 Min Read

കൊച്ചി ∙ കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കപ്പലിൽ ‘ഐ ലവ് പാകിസ്ഥാൻ’ എന്ന് എഴുതിയ സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

പത്ത് ദിവസം മുൻപാണ് കപ്പലിൽ ഈ എഴുത്ത് കണ്ടെത്തിയത്. നാവികസേനയുടെ കപ്പലുകൾ ഉൾപ്പെടെ പന്ത്രണ്ടിലധികം കപ്പലുകൾ നിലവിൽ അറ്റകുറ്റപ്പണിക്കായി ഷിപ്പ്‌യാർഡിലുണ്ട്. ഏത് കപ്പലിലാണ് എഴുത്ത് കണ്ടെത്തിയതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.

2023ൽ നിർമ്മാണത്തിലിരുന്ന കപ്പലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പാകിസ്ഥാൻ ചാരവലയത്തിന് കൈമാറിയെന്ന കേസിൽ ഒരു കരാർ ജീവനക്കാരൻ അറസ്റ്റിലായിരുന്നു. ഹണിട്രാപ്പിലൂടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

2019ൽ ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തിലിരിക്കെ ഹാർഡ് ഡിസ്കുകൾ, മൈക്രോ പ്രോസസറുകൾ, മെമ്മറി ചിപ്പുകൾ, കേബിളുകൾ എന്നിവ മോഷണം പോയ സംഭവവും വലിയ വിവാദമായിരുന്നു. 2025ൽ ഷിപ്പ്‌യാർഡിന്റെ മാൽപെ യൂണിറ്റിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയതിന് രണ്ട് പേരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, അസം സ്വദേശിയെന്ന വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അഫ്ഗാൻ പൗരൻ ഈദ്ഗുൽ എന്ന അബ്ബാസ് ഖാൻ ഒന്നര വർഷത്തിലേറെ കരാർ തൊഴിലാളിയായി ഷിപ്പ്‌യാർഡിൽ ജോലി ചെയ്ത സംഭവവും മുൻപ് പുറത്തുവന്നിരുന്നു. പിന്നീട് ഇയാളെ കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

English Summary:
Central agencies have launched an investigation after the words “I Love Pakistan” were found written on a ship undergoing repairs at Cochin Shipyard. Authorities have not disclosed the identity of the vessel, citing national security concerns. The incident has prompted tighter security measures and revived memories of previous espionage and theft-related cases linked to the shipyard.



Share This Article