പശ്ചിമേഷ്യയിൽ യുദ്ധമൊടുങ്ങി; യുഎസ്–ഇറാൻ ചരിത്ര സമാധാനക്കരാർ പ്രാബല്യത്തിൽ! വെർസായ് കൊട്ടാരത്തിൽ ഇലക്ട്രോണിക് ഒപ്പുവെച്ച് ട്രംപും പെസഷ്കിയാനും; ഹോർമുസ് കടലിടുക്ക് തുറക്കും; ഇറാനുള്ള ഉപരോധങ്ങൾ പിൻവലിക്കും

2 Min Read

വാഷിങ്ടൺ/ടെഹ്റാൻ ∙ മാസങ്ങളായി പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്ക് വിരാമമിട്ട് യുഎസും ഇറാനും തമ്മിലുള്ള സമാധാനക്കരാർ പ്രാബല്യത്തിൽ വന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കരാറിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തിയതായി ഇരു രാജ്യങ്ങളും അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ട്രംപ് കരാറിൽ ഒപ്പുവയ്ക്കുന്നത് കാണിച്ചിരിക്കുന്നത്. ഫ്രാൻസിലെ വെർസായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് കരാറിൽ ഒപ്പുവെച്ചതെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും കരാർ ഒപ്പുവെച്ച വിവരം സ്ഥിരീകരിച്ചു.

കരാറിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ കപ്പൽ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. അതേസമയം, കരാർ ലംഘിച്ചാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

കരാറിന്റെ അന്തിമ രൂപത്തിൽ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഒപ്പുവച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ അറിയിച്ചു. അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ വ്യവസ്ഥകളിൽ ഇരുരാജ്യങ്ങളും ചർച്ചകൾ പൂർത്തിയാക്കും.

കരാറിലെ പ്രധാന വ്യവസ്ഥകൾ

  • 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം.
  • ഇറാനെതിരായ നാവിക ഉപരോധം യുഎസ് 30 ദിവസത്തിനകം പിൻവലിക്കും.
  • ഹോർമുസ് കടലിടുക്ക് തുറക്കും; ആദ്യ 60 ദിവസത്തേക്ക് ടോൾ ഈടാക്കില്ല.
  • ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനായി 30,000 കോടി ഡോളറിന്റെ വികസന ഫണ്ട്.
  • ഇറാനെതിരായ എല്ലാ ഉപരോധങ്ങളും ഘട്ടംഘട്ടമായി പിൻവലിക്കും.
  • ഇറാൻ ആണവായുധ വികസനത്തിൽ നിന്ന് വിട്ടുനിൽക്കും.
  • സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) മേൽനോട്ടത്തിൽ മാറ്റും.

English Summary:
The United States and Iran have formally brought into effect a peace agreement aimed at ending months of tensions in West Asia. US President Donald Trump and Iranian President Masoud Pezeshkian signed the deal electronically. The agreement includes reopening the Strait of Hormuz, lifting sanctions on Iran, creating a $300 billion development fund and ensuring that Iran will not pursue nuclear weapons under IAEA supervision.



Share This Article