ഹിന്ദി മാത്രം അറിയാം, ഒടുവിൽ നീതിക്കായി മാധ്യമങ്ങൾക്ക് മുന്നിൽ;  സബ് കരാറുകാരനെ കബളിപ്പിച്ച് വൻകിട കമ്പനി

2 Min Read

കൊച്ചി: കെ.എസ്.ഇ.ബിക്കായി പാലാരിവട്ടത്ത് നടപ്പാക്കിയ ടെലികോം അനുബന്ധ പ്രവൃത്തികളുടെ കരാറുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിയായ തൊഴിലുടമയ്ക്ക് ലക്ഷങ്ങൾ കുടിശിക നൽകിയില്ലെന്ന പരാതി. പശ്ചിമ ബംഗാൾ സ്വദേശി മോത്തിബുർ റഹ്മാനാണ് തനിക്ക് ലഭിക്കാനുള്ള 6 ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചതായി ആരോപിച്ച് സഹായം തേടുന്നത്.

കെ.എസ്.ഇ.ബിക്കായി പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കരാറിന് കീഴിൽ ജോലി ഏറ്റെടുത്തതാണെന്ന് മോത്തിബുർ റഹ്മാൻ പറയുന്നു. പദ്ധതി പൂർത്തിയാക്കുന്നതിനായി ഏകദേശം 10 ലക്ഷം രൂപ സ്വന്തം നിലയിൽ നിക്ഷേപിച്ച ശേഷമാണ് ജോലി നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

ജോലി പൂർത്തിയാക്കിയിട്ടും കരാർ തുകയുടെ ഭാഗമായ 6 ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി. കുടിശിക ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായും മോത്തിബുർ ആരോപിക്കുന്നു.

ഹിന്ദി മാത്രമാണ് അറിയാവുന്നതെന്നതിനാൽ ഭാഷാപരമായ ബുദ്ധിമുട്ടുകളും നിയമനടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പരാതി സ്വീകരിച്ചതിന്റെ രസീത് നൽകിയെങ്കിലും തുടർന്ന് കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സാമൂഹിക പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും സഹായം തേടുകയാണ്.

ഇതിനിടെ ചില സംഘടനാ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മോത്തിബുർ റഹ്മാനെ വീണ്ടും പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് അയച്ചതായി അറിയുന്നു. പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.

English Summary:
A West Bengal native, Mothibur Rahman, has alleged that he was not paid ₹6 lakh for work completed under a contract related to a KSEB project in Kochi. He claims to have invested around ₹10 lakh to execute the work and says he was threatened when he demanded payment. The worker, who speaks only Hindi, has approached the police seeking justice.



Share This Article