രക്താർബുദ ചികിത്സയിലായിരുന്ന കുഞ്ഞിന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം

2 Min Read

മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് ആശുപത്രിയിൽ രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ മെഡിക്കൽ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കുട്ടിയുടെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്നിന് പകരം മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മാരകമായ ഫോർമാലിൻ രാസവസ്തു കുത്തിവെച്ചതാണ് മരണകാരണമെന്ന് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമായി. ഈ ഗുരുതരമായ അനാസ്ഥ തെളിഞ്ഞതിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട രണ്ട് നഴ്സിങ് ഓഫീസർമാരെ എയിംസ് അധികൃതർ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയും പോലീസ് ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലച്ച ഈ സംഭവം അരങ്ങേറിയത്. സഗർ ജില്ലയിലെ ബീനാ തഹസിൽ സ്വദേശിയായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവാണ് ആശുപത്രി ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റം കാരണം ഇല്ലാതായത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നിരന്തരമായ മെഡിക്കൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടയിലാണ് ഡിസംബർ പതിനേഴിന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിൽ നിന്നും മാരകമായ ഈ പിഴവ് സംഭവിച്ചത്.

സിറിഞ്ചിൽ ഉണ്ടായിരുന്നത് എന്താണെന്ന് കൃത്യമായി പരിശോധിക്കാതെ നഴ്സിങ് ഓഫീസർ മധുബാല ശർമ ഈ ദ്രാവകം കുട്ടിയുടെ ഐവി ബോട്ടിലിലേക്ക് നേരിട്ട് കുത്തിവയ്ക്കുകയായിരുന്നു. സംശയം തോന്നി താൻ നഴ്സിനെ തടയാൻ പരമാവധി ശ്രമിച്ചെങ്കിലും അവർ തന്റെ വാക്കുകൾ വിലക്കെടുക്കാൻ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് കണ്ണീരോടെ ഓർക്കുന്നു.

രാസവസ്തു ശരീരത്തിൽ കലർന്നതിന് തൊട്ടുപിന്നാലെ ബോധരഹിതനായ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ഡോക്ടർമാർ കൃത്രിമ ശ്വാസമടക്കം നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. കുട്ടി മരിച്ചതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ ഐവി ബോട്ടിൽ മാറ്റിക്കളയാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായും കുടുംബം ആരോപിച്ചിരുന്നു.

ആശുപത്രി അധികൃതർ നടത്തിയ വിശദമായ ആഭ്യന്തര അന്വേഷണത്തിലാണ് കുടുംബത്തിന്റെ ആരോപണങ്ങൾ നൂറു ശതമാനം ശരിയാണെന്ന് കണ്ടെത്തിയത്. ബയോപ്സി സാമ്പിളുകൾ സൂക്ഷിക്കാനായി സിറിഞ്ചിൽ എടുത്തുുവെച്ചിരുന്ന ഫോർമാലിൻ വാർഡിൽ അതീവ അശ്രദ്ധയോടെ തുറന്ന നിലയിൽ വെച്ചതാണ് ഈ വൻ ദുരന്തത്തിന് കാരണമായത്.

രാസവസ്തു സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ അനുക എന്ന നഴ്സിങ് ഓഫീസർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. ഈ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചതോടെ പോലീസ് നഴ്സുമാർക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.

English Summary

In a shocking turn of events, an internal probe at Bhopal AIIMS confirmed that a three-year-old blood cancer patient died after a nurse mistakenly injected formalin into his IV line instead of medicine. Following the investigation report, two nursing officers were suspended and a police case was registered.

Share This Article