ന്യൂഡൽഹി: ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ മുന്നേറ്റം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രത്യേക ‘ഇന്ത്യ എഐ മിഷൻ’ രൂപീകരിക്കണമെന്ന് പ്രമുഖ വ്യവസായിയും ഇൻഫോസിസ് മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ടി.വി. മോഹൻദാസ് പൈ ആവശ്യപ്പെട്ടു. നിലവിലുള്ള സർക്കാർ പദ്ധതികൾ ഈ മേഖലയിലെ വേഗമേറിയ വളർച്ചയ്ക്ക് മതിയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ എഐ വികസനത്തിന് നേതൃത്വം നൽകുന്ന മിഷന്റെ വൈസ് ചെയർമാനായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയെ നിയമിക്കണമെന്നും മോഹൻദാസ് പൈ നിർദേശിച്ചു. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പ്രമുഖ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി ദൗത്യം മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐ വികസനത്തിനും ഡീപ് ടെക് ഗവേഷണത്തിനുമായി കേന്ദ്ര സർക്കാർ പ്രതിവർഷം 50,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കൂടാതെ ഹൈപ്പർ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഹാർഡ്‌വെയർ, അത്യാധുനിക ചിപ്പുകളുടെ ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 2 ലക്ഷം കോടി രൂപയുടെ ഇ.എൽ.ജി.എസ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എസ് ആസ്ഥാനമായ എഐ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ അത്യാധുനിക എഐ മോഡലുകളിലേക്കുള്ള പ്രവേശനം വിദേശ പൗരന്മാർക്ക് നിയന്ത്രിച്ച പശ്ചാത്തലത്തിലാണ് ഈ വിഷയത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നത്. അമേരിക്കയുടെ കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ ഇന്ത്യയുടെ എഐ വികസന സ്വപ്നങ്ങൾക്ക് വെല്ലുവിളിയാകുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ, വിദേശ സാങ്കേതികവിദ്യകളെയും ജിപിയു ഇറക്കുമതിയെയും മാത്രം ആശ്രയിച്ച് ഇന്ത്യയ്ക്ക് മുന്നേറാനാകില്ലെന്ന് സോഹോ കോർപ്പറേഷൻ സിഇഒ ശ്രീധർ വെമ്പുവും അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാങ്കേതിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും ആഭ്യന്തര ഗവേഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്താൽ മാത്രമേ പുതിയ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Former Infosys CFO T.V. Mohandas Pai has called for a powerful India AI Mission under Prime Minister Narendra Modi’s leadership. He proposed a ₹50,000 crore annual fund for AI and deep-tech research and a ₹2 lakh crore guarantee fund for hardware and chip manufacturing. The demand comes amid concerns over increasing restrictions on access to advanced AI technologies and the need for India to achieve technological self-reliance.
