സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ സമൻസ് അയയ്ക്കും. വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര ഏജൻസി നിർദേശിക്കുന്നതെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
കേസിൽ എക്സാലോജിക് ഉടമയായ വീണയെ നേരിട്ട് ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്നും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി നൽകാത്ത സേവനങ്ങൾക്കായി വൻതുക കൈപ്പറ്റിയെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന ആരോപണം.
ആദായനികുതി തർക്ക പരിഹാര ബോർഡ് നടത്തിയ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഇ.ഡി ഈ സാമ്പത്തിക ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ശക്തമാക്കിയത്.
ഈ കേസിന്റെ ഭാഗമായി മുൻപ് സി.എം.ആർ.എൽ ഉദ്യോഗസ്ഥരെയും ഐ.ടി കമ്പനി അധികൃതരെയും ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെ വീണയുടെ വീട് ഉൾപ്പെടെയുള്ള പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ ഇ.ഡി വ്യാപകമായ റെയ്ഡുകളും നടത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണാ തൈക്കണ്ടിയെ നേരിട്ട് ചോദ്യം ചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസി ഒരുങ്ങുന്നത്.
English Summary
The Enforcement Directorate is set to summon Veena Thayikkandil, daughter of Chief Minister Pinarayi Vijayan, for questioning in the CMRL-Exalogic financial case. She is expected to appear at the Kochi ED office this Friday following previous raids and investigations into alleged illicit money transactions under the PMLA.
