facebook

ഫാസ്റ്റാഗിൽ പണമില്ല; ഉടൻ യുടേൺ അടിച്ചു ! ടോൾ നൽകാതിരിക്കാൻ കെഎസ്ആർടിസി ബസ് ദേശീയപാതയിൽ വൺവേ തെറ്റിച്ച് ഓടിച്ചത് മൂന്ന് കിലോമീറ്റർ !

1 Min Read

ദേശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ടോൾ പ്ലാസയിൽ എത്തിയപ്പോഴാണ് ഫാസ്റ്റാഗിൽ പണമില്ലെന്ന വിവരം ഡ്രൈവർ അറിയുന്നത്.

സാധാരണക്കാർ ഇത്തരം സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ വഴി യുപിഐ ഉപയോഗിച്ച് പണമടയ്ക്കാറുണ്ടെങ്കിലും കെഎസ്ആർടിസിയിൽ അതിനുള്ള പ്രത്യേക വ്യവസ്ഥകളൊന്നുമില്ല. ഡ്രൈവർ സ്വന്തം കൈയിൽ നിന്ന് പണമടച്ചാൽ അത് പിന്നീട് കോർപ്പറേഷനിൽ നിന്ന് തിരികെ ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം. ഫാസ്റ്റാഗ് ഇല്ലാത്തതിനാൽ ഒരു വശത്തേക്ക് 445 രൂപയ്ക്ക് പകരം 556.25 രൂപയാണ് ടോൾ നൽകേണ്ടിയിരുന്നത്.

ഇത്രയും വലിയ തുക സ്വന്തം പോക്കറ്റിൽ നിന്ന് നഷ്ടപ്പെടാതിരിക്കാൻ ഡ്രൈവർ ഒടുവിൽ വണ്ടി പുറകോട്ട് എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ദേശീയപാതയിലെ മധ്യഭാഗത്തുള്ള സ്പീഡ് ട്രാക്കിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളമാണ് ബസ് റിവേഴ്സ് എടുത്തത്.

ഇത് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരും പ്രതികരിച്ചതോടെ ബസ് പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറ്റി. തുടർന്ന് കോഴിക്കോടൻ കിച്ചൺസിന് സമീപമുള്ള എക്സിറ്റിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിച്ചാണ് ബസ് യാത്ര തുടർന്നത്.

വണ്ടി പുറകോട്ട് എടുക്കുന്നതിനിടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. നിയമം ലംഘിച്ച് തെറ്റായ ദിശയിലൂടെ കെഎസ്ആർടിസി ബസ് സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

English Summary


A Kozhikode-Ramanattukara KSRTC bus reversed three kilometers on NH 66’s speed track after finding no money in its Fastag, dodging a Rs 556 toll to avoid non-reimbursable personal expense.

Share This Article