കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. വീണയുൾപ്പെടെ ഒൻപത് പേർക്കാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
സിഎംആർഎല്ലിന്റെ ഉടമകളിലൊരാളായ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്തയ്ക്കും സമൻസ് ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് രേഖകൾ, സ്വത്ത് വിവരങ്ങൾ, നികുതി രേഖകൾ, വാഹനങ്ങളുടെ വിവരങ്ങൾ എന്നിവ ഹാജരാക്കാൻ സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ ആധാരം. യാതൊരു സേവനവും നൽകാതെയാണ് എക്സാലോജിക്കിന് സിഎംആർഎൽ വലിയ തുക പ്രതിഫലമായി നൽകിയതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകളെ തുടർന്നാണ് ഇഡി കേസിൽ അന്വേഷണം ആരംഭിച്ചത്. ടി. വീണയ്ക്കെതിരായ അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെടുന്നുണ്ട്.
ഇതിനിടെ, ഇഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. കേസിൽ ഇതുവരെ ശേഖരിച്ച വിവരങ്ങൾ യോഗത്തിൽ വിലയിരുത്തിയതായും തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
കേസിൽ ഇഡിയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ അടുത്തിടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരുന്നതിൽ നിയമപരമായ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് രണ്ടാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി നിരസിച്ചു.
English Summary
The Enforcement Directorate (ED) has issued a summons to T. Veena in the CMRL–Exalogic case, directing her to appear at its Kochi office on Friday. Veena is among nine individuals summoned. The ED has sought bank, property, tax, and vehicle records as part of its ongoing money trail investigation. The move comes shortly after the Kerala High Court allowed the ED to continue its probe into the case.
