സ്മാർട്ട്ഫോൺ ഉപയോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതോടെ കഴുത്തുവേദനയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമിതമായി ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് ചലച്ചിത്രതാരം ഷക്കീലയുടെ കഴുത്തിന് പ്രശ്നമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ടെക്സ്റ്റ് നെക്ക് സിൻഡ്രോം വീണ്ടും ചർച്ചയാകുന്നത്.
മണിക്കൂറുകളോളം ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് ഫോൺ ഉപയോഗിക്കുകയും തുടർച്ചയായി നാലു മണിക്കൂർ വരെ ഗെയിമുകൾ കളിക്കുകയും ചെയ്തിരുന്നതായി ഷക്കീല വിഡിയോയിൽ വെളിപ്പെടുത്തി. തെറ്റായ ശരീരനിലയിൽ ദീർഘനേരം ഫോൺ ഉപയോഗിച്ചതാണ് ശസ്ത്രക്രിയ ആവശ്യമായ അവസ്ഥയിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി.
എന്താണ് ടെക്സ്റ്റ് നെക്ക് സിൻഡ്രോം?
മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ദീർഘനേരം തല താഴേക്ക് കുനിച്ചിരിക്കുന്ന ശീലം കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അമിത സമ്മർദമുണ്ടാക്കും. ഇതുമൂലം ഉണ്ടാകുന്ന കഴുത്തുവേദനയും അനുബന്ധ അസ്വസ്ഥതകളുമാണ് പൊതുവെ ടെക്സ്റ്റ് നെക്ക് സിൻഡ്രോം എന്നറിയപ്പെടുന്നത്.
മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും സ്ഥിരമായ ഉപയോഗവുമായി ബന്ധപ്പെട്ട് ഈ അവസ്ഥ ഉണ്ടാകാം. കൗമാരക്കാരിലാണ് പ്രധാനമായും ഇത് കണ്ടുവരുന്നതെങ്കിലും മണിക്കൂറുകളോളം കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ഓഫിസ് ജീവനക്കാരിലും പ്രശ്നം വ്യാപകമാണ്.
കഴുത്തിന്റെ സ്വാഭാവിക ഘടനയെ ബാധിക്കുമോ
തലയുടെ ഭാരം താങ്ങുന്നതിനായി കഴുത്തിന് സ്വാഭാവികമായി മുന്നോട്ടുള്ള ‘C’ ആകൃതിയിലുള്ള വളവുണ്ട്. സെർവിക്കൽ ലോർഡോസിസ് എന്നറിയപ്പെടുന്ന ഈ വളവ് തലയുടെ ഭാരം സന്തുലിതമായി നിലനിർത്താനും കഴുത്തിന്റെ സ്വാഭാവിക ചലനങ്ങൾക്കും സഹായിക്കുന്നു.
എന്നാൽ തല മുന്നോട്ടും താഴേക്കും കുനിച്ച് ദീർഘനേരം ഫോൺ നോക്കുമ്പോൾ കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അധിക സമ്മർദം അനുഭവപ്പെടും. ഈ ശീലം ദീർഘകാലം തുടരുന്നത് ചിലരിൽ കഴുത്തിന്റെ സ്വാഭാവിക വളവിൽ മാറ്റങ്ങൾക്കും തേയ്മാന പ്രശ്നങ്ങൾക്കും കാരണമാകാം.
തല മുന്നോട്ടേക്ക് കൂടുതൽ നീങ്ങുന്നതോടെ വേദനയും മറ്റ് അസ്വസ്ഥതകളും വർധിക്കാം.
ടെക്സ്റ്റ് നെക്ക് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ
കഴുത്തിൽ തുടർച്ചയായ വേദനയും മുറുക്കവും അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം. തോളുകളിലും പുറത്തിന്റെ മുകൾഭാഗത്തും വേദനയുണ്ടാകാം.
കഴുത്ത് തിരിക്കാനും ചലിപ്പിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഇടയ്ക്കിടെയുള്ള തലവേദനയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.കൂടാതെ കഴുത്തിലെ പേശികളിൽ വലിവ്, കഴുത്തിൽനിന്ന് കൈകളിലേക്ക് പടരുന്ന വേദന, കൈകളിൽ മരവിപ്പ്, തരിപ്പ്, സൂചികുത്തുന്നതുപോലുള്ള അനുഭവം എന്നിവയും ഉണ്ടാകാം.
ചിലരിൽ മൂർച്ചയുള്ള വേദനയും അനുഭവപ്പെടാം. ദീർഘനേരം ഫോൺ ഉപയോഗിച്ചതിനുശേഷം വേദന കൂടുന്നതും ഈ പ്രശ്നത്തിന്റെ സൂചനയാകാം.തെറ്റായ ശരീരനില മാത്രമല്ല കഴുത്തുവേദനയ്ക്ക് കാരണം.
ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയ ഘടകങ്ങളും ഇതിന് കാരണമാകാം. അതിനാൽ ഫോൺ ഉപയോഗത്തിന്റെ രീതിക്കൊപ്പം ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്.
ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫോൺ താഴേക്ക് പിടിച്ച് തല കുനിക്കുന്നതിനുപകരം കണ്ണിന്റെ ഉയരത്തിൽ പിടിച്ച് ഉപയോഗിക്കുന്നതാണ് ഉചിതം. ഒരേ ഇരിപ്പിൽ ദീർഘനേരം തുടരാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുകയും കഴുത്തും തോളുകളും ചലിപ്പിക്കുകയും വേണം.
ഫോൺ ഉപയോഗത്തിനിടയിൽ കൃത്യമായ ഇടവേളകൾ നൽകുന്നതും പ്രധാനമാണ്.ഇരിക്കുമ്പോൾ പുറത്തിന് മതിയായ താങ്ങ് നൽകണം.
തോളുകൾ അയഞ്ഞ നിലയിലും കഴുത്തും നട്ടെല്ലും സ്വാഭാവികമായ നേരായ നിലയിലും സൂക്ഷിക്കണം. കിടന്നുകൊണ്ട്, പ്രത്യേകിച്ച് വലിയ തലയിണയിൽ തല ഉയർത്തിവെച്ച് കഴുത്ത് വളച്ചുള്ള ഫോൺ ഉപയോഗം ഒഴിവാക്കണം.
കഴുത്തിലെയും തോളുകളിലെയും മുകൾഭാഗത്തെ പുറത്തിലെയും പേശികൾക്ക് ശക്തി നൽകുന്ന വ്യായാമങ്ങളും വലിച്ചുനീട്ടൽ പരിശീലനങ്ങളും പതിവാക്കണം. വ്യക്തിഗത ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ധരുടെ നിർദേശം തേടണം.
കഴുത്തുവേദന തടയാൻ ജീവിതശൈലിയിൽ മാറ്റം
കഴുത്തിന്റെ സ്വാഭാവിക ശരീരനില നിലനിർത്തുന്ന ശീലങ്ങൾ ചെറുപ്പം മുതൽ വളർത്തണം. ശരിയായ മെത്തയിൽ ഉറങ്ങുകയും അനുയോജ്യമായ ചെറിയ തലയിണയോ സെർവിക്കൽ തലയിണയോ ഉപയോഗിക്കുകയും വേണം.
ഇരുന്നുകൊണ്ടോ ചലിക്കുന്ന വാഹനത്തിലോ ഉറങ്ങുന്നത് ഒഴിവാക്കണം.കംപ്യൂട്ടറും ലാപ്ടോപ്പും കണ്ണിന്റെ ഉയരത്തിൽ ക്രമീകരിക്കണം. ജോലി ചെയ്യുമ്പോഴും വാഹനമോടിക്കുമ്പോഴും ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാൻ ശ്രദ്ധിക്കണം.
കഴുത്തിലെ പേശികൾക്ക് ശക്തി നൽകുന്ന വ്യായാമങ്ങൾ പരിശീലിക്കുന്നതും ഭാരമുള്ള വസ്തുക്കൾ ശ്രദ്ധയോടെ ഉയർത്തുന്നതും പ്രധാനമാണ്. സാധ്യമെങ്കിൽ തലയിൽ ഭാരം ചുമക്കുന്നതും ഒഴിവാക്കണം.
കഴുത്തുവേദനയ്ക്ക് ചികിത്സ എങ്ങനെ?
കഴുത്തുവേദനയുടെ യഥാർഥ കാരണം കണ്ടെത്തിയ ശേഷമാണ് ചികിത്സ തീരുമാനിക്കേണ്ടത്. തെറ്റായ ശരീരനില, പേശിവലിവ്, ഡിസ്ക് പ്രശ്നങ്ങൾ, സന്ധികളുടെ തേയ്മാനം, നാഡീസമ്മർദം തുടങ്ങിയവയെല്ലാം കഴുത്തുവേദനയ്ക്ക് കാരണമാകാം.
ലഘുവായ വേദന വിശ്രമം, ചൂടുപ്രയോഗം, ശരിയായ ശരീരനില, ലളിതമായ വേദനസംഹാരികൾ എന്നിവയിലൂടെ കുറയാം. ആവശ്യാനുസരണം ഡോക്ടറുടെ നിർദേശപ്രകാരം മസിൽ റിലാക്സന്റുകൾ, ഫിസിയോതെറാപ്പി, വലിച്ചുനീട്ടൽ, പേശിശക്തി വർധിപ്പിക്കുന്ന വ്യായാമങ്ങൾ എന്നിവയും ചികിത്സയുടെ ഭാഗമാക്കാം.
കൈകളിൽ മരവിപ്പ്, തരിപ്പ്, ബലക്കുറവ്, കൈകളിലേക്ക് പടരുന്ന വേദന തുടങ്ങിയവയുണ്ടെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്. തുടർച്ചയായോ ആവർത്തിച്ചോ വരുന്ന വേദനയുടെ കാരണം കണ്ടെത്താൻ ആവശ്യാനുസരണം എക്സ്-റേ, എംആർഐ, സിടി സ്കാൻ, നാഡീപരിശോധനകൾ എന്നിവ നടത്താം.
നാഡീസമ്മർദം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തുന്ന അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ശസ്ത്രക്രിയ പരിഗണിക്കുന്നത്. ആധുനിക ശസ്ത്രക്രിയാ രീതികളിലൂടെ ഇത്തരം ചികിത്സകൾ നടത്താൻ സാധിക്കും.
ഫോൺ പൂർണമായി ഉപേക്ഷിക്കുകയല്ല, ഉപയോഗിക്കുന്ന രീതി തിരുത്തുകയാണ് പ്രധാനം. ഫോൺ താഴെയല്ല, കണ്ണിന് മുന്നിൽ എന്ന ലളിതമായ ശീലം കഴുത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ നിർണായകമാകാം.
English Summary: Excessive smartphone use and poor posture can contribute to Text Neck Syndrome, a condition associated with neck pain and muscle strain. Actress Shakeela recently spoke about her neck problems linked to prolonged phone use. The report explains the symptoms, risk factors, preventive measures and treatment options associated with the condition.
