രാജകുമാരി സ്വദേശിയായ ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ വലിയൊരു വെളിച്ചമായി മാറിയിരിക്കുകയാണ്. സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ബാങ്കിൽ നിന്ന് ലോൺ അനുവദിക്കാത്തതിനെ തുടർന്ന് പ്രയാസത്തിലായ വനിതയ്ക്കാണ് കേന്ദ്രമന്ത്രി സ്വന്തം ചെലവിൽ ഒരു പുതിയ ഓട്ടോറിക്ഷ വാങ്ങി നൽകിയത്. ബൈസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശ് എന്ന വനിതയ്ക്കാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കഠിനമായ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബത്തെ പോറ്റിപ്പോന്നിരുന്നത്.
ഗംഗയുടെ ജീവിത സാഹചര്യം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ഗുരുതരമായ ജീവിതശൈലീ രോഗങ്ങൾ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ പതിമൂന്ന് വർഷമായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഭർത്താവിന്റെ രോഗാവസ്ഥയും വരുമാനമില്ലായ്മയും ഗംഗയുടെ കുടുംബത്തിന്റെ പ്രതിസന്ധികൾ ഇരട്ടിയാക്കി മാറ്റി. ഈ സാഹചര്യത്തിലാണ് സ്വയംതൊഴിൽ ചെയ്ത് അന്തസ്സായി ജീവിക്കണമെന്ന ആഗ്രഹത്തോടെ ഏഴ് വർഷം മുൻപ് ഗംഗ ഒരു ദേശസാൽകൃത ബാങ്കിൽ മുദ്ര ലോണിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ അങ്ങനെയൊരു പദ്ധതി നിലവിലില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ അവരെ അന്ന് നിരാശപ്പെടുത്തി മടക്കുകയാണുണ്ടായത്.
വർഷങ്ങൾക്കിപ്പുറം 2025 സെപ്റ്റംബർ 30-ന് മൂലമറ്റത്ത് വച്ച് നടന്ന കലുങ്ക് സൗഹൃദ സംഗമമാണ് ഗംഗയുടെ ജീവിതത്തിൽ നിർണായകമായത്. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്വന്തം സ്കൂട്ടറിൽ നൂറ്റിമുപ്പതോളം കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് ഗംഗ മൂലമറ്റത്ത് എത്തിയത്. പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി നേരിട്ട് സംസാരിക്കാൻ ഇവർക്ക് അവസരം ലഭിച്ചു. ഗംഗയുടെ വീട്ടുവിശേഷങ്ങളും കുടുംബ പശ്ചാത്തലവും ചോദിച്ചറിഞ്ഞ കേന്ദ്രമന്ത്രിയോട്, മുൻപ് ബാങ്ക് അധികൃതർ തനിക്ക് മുദ്ര ലോൺ നിഷേധിച്ച വിവരം അവർ സങ്കടത്തോടെ തുറന്നുപറഞ്ഞു.
ഗംഗയുടെ കഷ്ടപ്പാടുകളും ആത്മാർത്ഥതയും മനസ്സിലാക്കിയ സുരേഷ് ഗോപി ബാങ്കുകാർ ലോൺ തന്നില്ലെങ്കിൽ സാരമില്ല, താൻ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് അവിടെവച്ച് ഉറപ്പുനൽകുകയായിരുന്നു. പറഞ്ഞ വാക്ക് കേന്ദ്രമന്ത്രി പാലിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഗംഗയെ ഫോണിൽ വിളിച്ച് ഓട്ടോറിക്ഷ കമ്പനിയിലേക്ക് ആവശ്യമായ പണം കൈമാറിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ ചെന്ന് വാഹനം കൈപ്പറ്റാമെന്നും അറിയിക്കുകയായിരുന്നു.
ഈ വിവരമറിഞ്ഞ് അടിമാലിയിലെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ ഗംഗയുടെ വീട്ടിലെത്തിച്ചു. നിലവിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണ ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ സ്നേഹസമ്മാനമായി പുതിയ ഓട്ടോറിക്ഷ മുറ്റത്തെത്തിയത്. അടുത്ത ദിവസം മുതൽ തന്നെ ഓട്ടോറിക്ഷ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്താമെന്ന വലിയ പ്രതീക്ഷയിലാണ് ഈ വീട്ടമ്മയിപ്പോൾ. ഓട്ടോറിക്ഷ വീട്ടിലെത്തിയതിന് പിന്നാലെ സുരേഷ് ഗോപിയെ വീഡിയോ കോളിൽ വിളിച്ച് ഗംഗ തന്റെ ഹൃദയംഗമമായ നന്ദിയും സന്തോഷവും അറിയിച്ചു.
English Summary
Union Minister Suresh Gopi gifted an autorickshaw to Ganga Rishikesh, a financially struggling woman from Idukki, who was previously denied a Mudra loan by a nationalized bank. After hearing her struggles during an event, the Minister kept his promise and fully funded the vehicle, enabling her to secure a self-employment livelihood.
